താനൂര്‍ ബോട്ട് അപകടം; രക്ഷപെട്ട് ചികിത്സയിലുള്ള കുട്ടിയുടെ കുടുംബത്തെ പി.കെ ഫിറോസ് സന്ദര്‍ശിച്ചു

യൂത്ത് ലീഗ് മണ്ഡലം മുന്‍സിപ്പിള്‍ നേതാക്കള്‍ക്കൊപ്പമാണ് ഫിറോസ് സന്ദര്‍ശനം നടത്തിയത്

Update: 2024-03-10 12:04 GMT
Advertising

തിരൂര്‍: താനൂര്‍ ബോട്ട് അപകടത്തില്‍ രക്ഷപെട്ട് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സന്ദര്‍ശിച്ചു. പരപ്പനങ്ങാടി സ്വദേശി ജാബിറിന്റെ മകള്‍ ജര്‍ഷയെയാണ് സന്ദര്‍ശിച്ചത്. ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ ധനസഹായം ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ പറഞ്ഞിരുന്നു.

അപകടത്തില്‍ ജാബിറിന്റെ ഭാര്യയും മകനും സഹോദരങ്ങളുടെ ഭാര്യമാരും മക്കളും ഉള്‍പ്പടെ 11 പേര്‍ മരിച്ചിരുന്നു. ജബിറിന്റെ രണ്ട് പെണ്‍മക്കളും സഹോദരിയും സഹോദരിയുടെ മകളും രക്ഷപ്പെട്ടിരുന്നു.

'ധനസഹായത്തിന് വേണ്ടി ഈ കുടുംബം കയറാത്ത ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്ക് തിരൂരങ്ങാടി എം.എല്‍.എ മുഖാന്തരം പരാതി കൊടുത്തിരുന്നു. വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വത്തിലും സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും പരിശോധിക്കുന്നു പരിശോധിക്കുന്നു എന്ന മറുപടിയല്ലാതെ പത്ത് മാസമായി ഒരു രൂപ പോലും കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് ' പി.കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഇനിമുതല്‍ ജര്‍ഷയ്ക്ക് ആവശ്യമായ മരുന്നുകള്‍ ചെമ്മാട് ദയ ചാരിറ്റബിള്‍ സെന്ററില്‍ നിന്നും നൽകും. ഇതിനായി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പി.കെ ഫിറോസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഫോം കുടുംബത്തിന് കൈമാറുകയും ചെയ്തു.

യൂത്ത് ലീഗ് മണ്ഡലം മുന്‍സിപ്പിള്‍ നേതാക്കള്‍ക്കൊപ്പമാണ് ഫിറോസ് സന്ദര്‍ശനം നടത്തിയത്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News