'അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ല'; പി.എം.എ സലാമിനെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി
തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും.നാക്കു പിഴ ആർക്കും സംഭവിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി.ലീഗിന് ഒരു രീതിയുണ്ടെന്നും അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'വ്യക്തി അധിക്ഷേപങ്ങൾ ലീഗിന്റെ രീതിയല്ല.പി.എം.എ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ട്.തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും.നാക്കു പിഴ ആർക്കും സംഭവിക്കാം. നാളെ എനിക്ക് വേണമെങ്കിലും സംഭവിക്കാം.എനിക്ക് സംഭവിച്ചാലും പാർട്ടി തിരുത്തും.. '. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'വാക്കുകൾ സൂക്ഷിച്ച് പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന പാർട്ടിയാണ് മുസ്‍ലിം ലീഗ്. പക്ഷേ ചിലപ്പോൾ നാക്കുപിഴയും തെറ്റും പറ്റാം.എനിക്കും പറ്റാം.അങ്ങനെ സംഭവിച്ചാൽ പാർട്ടി തിരുത്തും.നാളെ എനിക്ക് പറ്റിയാലും പാര്‍ട്ടി തിരുത്തും. സലാമിനെ പാർട്ടി പ്രസിഡന്റ് തിരുത്തിയിട്ടുണ്ട്. . എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കും നാക്കുപിഴ സംഭവിക്കും'. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മലപ്പുറം വാഴക്കാട് നടന്ന മുസ്‍ലിം ലീഗിന്റെ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പി.എം.എ സലാം അധിക്ഷേപ പരാമർശം നടത്തിയത്. 'ഒരു പുരുഷൻ ആണെങ്കിൽ അതിനെ എങ്ങനെ എതിർക്കാൻ കഴിയുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും പതിനായിരം കോടി തന്നാലും ഈ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ല എന്ന് ഒരു വനിതയെന്ന നിലക്ക് പശ്ചിമ ബംഗാളിലെ മമത ബാനർജിയും തെളിയിച്ചു. മുഖ്യമന്ത്രി ഒരു ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് അതിൽ പോയി ഒപ്പിട്ടതെന്ന് പറയാതിരിക്കാൻ വയ്യ.' പി.എം.എ സലാം പറഞ്ഞു.
ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടുന്ന പരാമർശം വലിയ വിവാദമായി.സിപിഎം അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പരാമർശം പിൻവലിച്ച് സലാം മാപ്പ് പറയണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശത്തെ പൂർണ്ണമായി തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ രംഗത്ത് എത്തിയത്.
രാഷ്ട്രീയ വിമർശനങ്ങൾ ആവാം, വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു..
പി.എം.എ സലാമിന്റെ സംസ്കാരം പുറത്തുവന്നു എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനം. സാധാരണ ലീഗ് നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്താറില്ലെന്നും ശിവൻകുട്ടി പറഞ്ഞു.