Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് കുടുംബത്തെ ആള് മാറിയാണ് തല്ലിയതെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പൊലീസ് എഫ്ഐആർ പ്രകാരം ബാറിൽ സംഘർഷമുണ്ടായ സമയം രേഖപ്പെടുത്തിയിരിക്കുന്നത് കുടുബത്തിന് മർദനമേറ്റ് 15 മിനിറ്റിന് ശേഷമാണ്. സമയ വ്യത്യാസം ക്ലറിക്കൽ പിഴവ് മൂലമാകാമെന്നാണ് പൊലീസ് വിശദീകരണം.
ബാറിനു മുന്നിൽ സംഘർഷമുണ്ടാക്കിയവരെ തിരഞ്ഞ് എത്തിയപ്പോഴാണ് കുടുംബത്തെ മർദിച്ചതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് എഫ്ഐആർ പ്രകാരം ബാറിനു മുന്നിൽ സംഘർഷം ഉണ്ടായത് രാത്രി 11.15നാണ്. മർദനമേറ്റ സിതാര നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പൊലീസ് മർദിച്ചത് രാത്രി 11 മണിക്കാണ്.
പൊലീസ് എഫ്ഐആർ പ്രകാരം ബാറിനു മുന്നിലെ ബഹളം നടക്കുന്നതിന് മുന്നെത്തന്നെ പൊലീസ് കുടുംബത്തെ മർദിച്ചതെന്ന് ഈ രണ്ടു എഫ്ഐആറുകളിലെയും സമയങ്ങളിലൂടെ വ്യക്തമാണ്. പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് പുറത്തുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും തിരുവനന്തപുരം റെയ്ഞ്ച് ഐജിക്ക് നിർദേശമുണ്ട്.
പട്ടിക ജാതി കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമവും, വധശ്രമവും കൂടി ചുമത്തണമെന്നാണ് മർദനമേറ്റ കുടുംബത്തിന്റെ ആവശ്യം.