അധികാര ദുര്‍വിനിയോഗത്തിന് പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

പിരിച്ചുവിട്ട നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ശ്രീമോന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് എഡിജിപി ഇടപെടൽ.

Update: 2022-08-24 07:56 GMT

അധികാര ദുര്‍വിനിയോഗം കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തു. തൊടുപുഴ മുൻ സ്റ്റേഷന്‍ ഹൗസ് ഓഫീസർ എന്‍.ജി ശ്രീമോനെയാണ് സർവീസിൽ തിരിച്ചെടുത്തത്.

എഡിജിപി വിജയ് സാഖറെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിരിച്ചുവിട്ട നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ശ്രീമോന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് എഡിജിപി ഇടപെടൽ.

പിരിച്ചുവിടലിന് പകരം മൂന്ന് വര്‍ഷത്തെ ശമ്പളവര്‍ധന തടയല്‍ മാത്രമാക്കി ശിക്ഷ കുറച്ചാണ് എഡിജിപിയുടെ റിപ്പോർട്ട്. കാസര്‍കോട് ക്രൈംബ്രാഞ്ചിലാണ് ശ്രീമോന്റെ പുനർ നിയമനം.

Advertising
Advertising

കൈക്കൂലി, മര്‍ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടേറെ പരാതികൾ ശ്രീമോനെതിരെ ഉയർന്നിരുന്നു. വിജിലന്‍സ് അന്വേഷണത്തില്‍ 18 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

അതേസമയം ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. തൊടുപുഴ സി.ഐ ആയിരുന്ന എന്‍.ജി ശ്രീമോന്‍ 2017 ജുലൈയില്‍ കെ.എസ്.യു മാർച്ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഇതിനിടെയാണ് സിവില്‍ കേസിന്‍റെ പേരില്‍ ശ്രീമോന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചന്‍ വർക്കി ഹൈക്കോടതിയെ സമീപിക്കുന്നത്. ബേബിച്ചന്‍റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്പെൻഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

വിജിലൻസ് ഐ.ജി എച്ച് വെങ്കിടേഷ് നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിദ്യാർഥികളെ മർദിച്ചു, ഒരാളുടെ കര്‍ണപടം തകർത്തു എന്നിവയൊണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍.

അധികാര ദുർവിനിയോഗം അനധികൃത സ്വത്ത് സമ്പാദനം, കസ്റ്റഡി മർദനം തുടങ്ങിയവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ പിരിച്ചു വിടുകയായിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Similar News