സ്വകാര്യ ബസ് പണിമുടക്ക്: അധിക സര്‍വീസുമായി കെ.എസ്.ആർ.ടി.സി

Update: 2021-11-08 14:17 GMT
Advertising

നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകൾ പണിമുടക്കി പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതൽ ക്രമീകരണം ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി. ഡോക്കിലുള്ള മുഴുവൻ ബസുകളുടെയും അറ്റകുറ്റ പണികൾ പൂർത്തിയാക്കി സർവീസിന് ലഭ്യമാക്കാൻ നിർദ്ദേശം നൽകി.

വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തും. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശം.

കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. മിനിമം ചാര്‍ജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു.

സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ അറിയിച്ചു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News