''ഒരുപാട് പുരുഷ പൊലീസുകാർ ഞങ്ങളെ അടിച്ചു, വലിച്ചിഴച്ചു കൊണ്ടുപോയി''; കെ റെയിലിന് കല്ലിടാനെത്തിയ പൊലീസ് മർദിച്ചെന്ന് തിരൂർ നഗരസഭാ ചെയർപേഴ്‌സൺ
തിരൂർ ഫയര്‍സ്റ്റേഷന് സമീപത്തെ ഭൂമിയിൽ സർവേക്കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.
തിരൂരിൽ കെ റെയിലിന് കല്ലിടാനെത്തിയ പൊലീസ് പ്രതിഷേധിച്ച നാട്ടുകാരെ ക്രൂരമായി മർദിച്ചെന്ന് പരാതി. നഗരസഭാ ചെയർപേഴ്‌സൺ എപി നസീമയടക്കം നിരവധിപേർക്ക് പരിക്കേറ്റു.
''രണ്ട് വനിതാ പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം പുരുഷ പോലീസുകാരായിരുന്നു. വളരെ മോശമായാണ് അവർ പെരുമാറിയത്. ചുണ്ട് പൊട്ടിച്ചു, കൈക്ക് മുറിവേറ്റിട്ടുണ്ട്. പുരുഷ പൊലീസുകാർ വലിച്ചിഴച്ചുകൊണ്ടുപോയി''-നസീമ പറഞ്ഞു.
''ഞങ്ങളുടെ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്റെ മുട്ടിന് പരിക്കേറ്റിട്ടുണ്ട്. ഒരു കൗൺസിലറെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഞങ്ങൾ സർക്കാരിന്റെ നിർദേശമാണ്, അതുകൊണ്ട് എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന നിലപാടിലാണ് പൊലീസ്. ഇതിനെക്കുറിച്ച് പൊലീസും സർക്കാരും ജനങ്ങളോട് പറയണം''- നസീമ ആവശ്യപ്പെട്ടു.
ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ റെയിലിന് കല്ലിടുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. തിരൂർ ഫയര്‍സ്റ്റേഷന് സമീപത്തെ ഭൂമിയിൽ സർവേക്കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു നഗരസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചത്.