ഹിജാബ് വിലക്കേർപ്പെടുത്തിയ പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് തോറ്റു; മത്സരിച്ചത് എൻഡിഎ സ്ഥാനാർഥിയായി

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവാണ് ഇയാൾ. സിപിഎമ്മിന്റെ വി.എ ശ്രീജിത്താണ് വാർഡിൽ വിജയിച്ചത്.

Update: 2025-12-13 14:45 GMT

കൊച്ചി: ഹിജാബ് വിലക്ക് ഏർപ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റു. കൊച്ചി കോർപറേഷനിലെ 62ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായാണ് ജോഷി മത്സരിച്ചത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവാണ് ഇയാൾ. സിപിഎമ്മിന്റെ വി.എ ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. 2438 വോട്ടുകൾ നേടിയ ശ്രീജിത്ത് 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

1677 വോട്ടുകൾ നേടി കോൺഗ്രസിന്റെ എൻ.ആർ ശ്രീകുമാർ രണ്ടാമതെത്തിയപ്പോൾ 194 വോട്ട് നേടിയ എസ്ഡിപിഐ സ്ഥാനാർഥിക്കും പിന്നിൽ നാലാമതാണ് ജോഷി കൈതവളപ്പിലിന്റെ സ്ഥാനം. വെറും 170 വോട്ടുകൾ മാത്രമാണ് ഇവിടെ ജോഷിക്ക് നേടാനായത്. രണ്ട് സ്വതന്ത്രർ അടക്കം ഏഴ് സ്ഥാനാർഥികളാണ് ഇവിടെ മത്സരിച്ചത്.

Advertising
Advertising

കോര്‍പറേഷനിലെ പുതിയ വാര്‍ഡ് ആണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘ്പരിവാര്‍ അനുകൂലിയാണെന്ന ആരോപണവുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും സംഘടനകളുമായും ബന്ധമില്ലെന്നായിരുന്നു ഇയാളുടെ വാദം.

പിന്നീട്, തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഇയാൾ എൻഡിഎ സ്ഥാനാർഥിയായതോടെ ആ വാദം പൊളിഞ്ഞു. വിവാദത്തില്‍ സെന്റ് റീത്താസ് സ്‌കൂളിനെ അനുകൂലിച്ചും വിദ്യാര്‍ഥിനിയെയും കുടുംബത്തേയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചിരുന്നത്.

ഹിജാബ് വിലക്ക് വിവാദത്തിൽ ഇയാൾ വിദ്വേഷ പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ജോഷിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിടിഎ ഭാരവാഹി ജമീർ പള്ളുരുത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പള്ളുരുത്തി പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ശിരോവസ്ത്ര വിലക്ക് വിവാദമായപ്പോൾ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ജോഷി പ്രചരിപ്പിച്ചിരുന്നു. 




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News