സ്‌കൂളുകളിൽ സൂംബ നൃത്തം നടപ്പാക്കുന്നത് തുംഗ്ലക്ക് പരിഷ്‌കാരമാകുമെന്ന് കാന്തപുരം വിഭാഗം എസ്‌വൈഎസ്
വഴിവിട്ട ബന്ധങ്ങൾക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും ഇത്തരം പരിഷ്‌കാരങ്ങൾ കാരണമാവുക എസ് വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു.
കോഴിക്കോട്: സ്‌കൂളുകളിൽ സൂംബ നൃത്തം നടപ്പാക്കുന്നത് തുഗ്ലക് പരിഷ്‌കാരമാകുമെന്ന് കാന്തപുരം വിഭാഗം എസ് വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. ലഹരിയിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ മാറ്റാൻ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇത്തരം കളികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങൾ വെറും നൃത്തശാലകളായി മാറുകയും ചെയ്യുമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
വഴിവിട്ട ബന്ധങ്ങൾക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും ഇത്തരം പരിഷ്‌കാരങ്ങൾ കാരണമാവുക. ഇത്തരം തലതിരിഞ്ഞ പരിഷ്‌കാരങ്ങളിൽ നിന്ന് സർക്കാർ പിൻമാറണം. സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഇടകലർന്നിരിക്കണമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് പുതിയ പരിഷ്‌കാരമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
സൂമ്പാ നൃത്തം നടപ്പാക്കുന്നത് തുക്ലക്കിയൻ പരിഷ്കാരമാവുമെന്നാണ് തോന്നുന്നത്. കൊളമ്പിയയിലെ ഒരുഡാൻസ് ട്രൈനർ തന്റെ സ്റ്റെപ്പ് മറന്നപ്പോൾ തല്ക്കാലം കുട്ടികളെ പിടിച്ചുനിർത്താൻ പാട്ടിട്ടു തുള്ളിച്ചാടിയത്രെ. അതൊരു കലയാക്കി. എന്നുപറഞ്ഞാൽ വീണത് വിദ്യയാക്കി!. അതാണ് സൂമ്പാ നൃത്തം.ലഹരിയിൽ നിന്നും കുട്ടികളുടെ ശ്രദ്ധമാറ്റാൻ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിനു ശാസ്ത്രീയമായ ഒരുപഠനവും നടന്നിട്ടില്ല.ഇത്തരം കളികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന തോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങൾ വെറും നൃത്തശാലകളായി മാറുകയുംചെയ്യും. വഴിവിട്ട ബന്ധങ്ങൾ ക്കും അതുവഴി ലഹരിയുടെവ്യാപനത്തിനു മാകും ഇത് കാരണമാവുക. ഇത്തരം തലതിരിഞ്ഞ പരിഷ്കരണങ്ങളിൽ നിന്നും സർക്കാർ പിന്മാറണം. മുമ്പ് സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാൻ ക്ലാസ് റൂമിൽ ഇടകലർന്നിരിക്കണമെന്ന് പറഞ്ഞ തിന്റെ മറ്റൊരു പതിപ്പാണിത്.