Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ച് കോൺഗ്രസിലെ ഒരാളും അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
രാഹുലിനെ പാർട്ടിയിൽനിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതാണ്. ബാക്കി കാര്യത്തെ കുറിച്ച് പാർട്ടി തീരുമാനമുണ്ടെങ്കിൽ പാർട്ടി പ്രസിഡന്റ് അറിയിക്കും. അല്ലാതെ യാതൊരു തീരുമാനവും എടുത്തിട്ടില്ല. രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായമില്ല. സോഷ്യൽ മീഡിയയയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടി പറയേണ്ട ബാധ്യത ഞങ്ങൾക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം,തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നതെന്ന് സതീശന്‍ പറഞ്ഞു. ന്യൂനപക്ഷ സംഗമം, അയ്യപ്പ സംഗമം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്. എല്ലാമതങ്ങളുടെയും ജാതികളുടെയും പേരിൽ സംഗമം നടത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.