വോട്ടർ പട്ടിക പേര് ചേർക്കൽ ആഗസ്റ്റ് 31 വരെ നീട്ടണം; ഇലക്ഷൻ കമ്മീഷന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രശ്നങ്ങളാണ് കരട് വോട്ടർ പട്ടികയിൽ നിലവിലുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയ പരിധി ആഗസ്റ്റ് 31 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രശ്നങ്ങളാണ് കരട് വോട്ടർ പട്ടികയിൽ നിലവിലുള്ളതെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഭേദഗതി വരുത്താനും ലഭിച്ചത് വളരെ കുറഞ്ഞ സമയം മാത്രമാണ്. പൊതുജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാലും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ദിവസങ്ങളോളം പ്രവർത്തനരഹിതമായതിനാലും, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതുമൂലം നിരവധി പേർക്ക് പേര് ചേർക്കാനുള്ള അവസരം നഷ്ടമായി. ഡീലിമിറ്റേഷൻ പ്രക്രിയയിലെ അപാകതകൾ കാരണം ബൂത്തുകൾ മാറിപ്പോയതിനാൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. പലരുടെയും വോട്ട് രണ്ടോ മൂന്നോ വാർഡുകൾക്കപ്പുറത്താണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതുമൂലം, തങ്ങളുടെ വോട്ട് പട്ടികയിൽ ഉണ്ടോ എന്ന് പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.
ഈ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സാങ്കേതിക തടസ്സങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. ഒരു അക്കൗണ്ടിൽ നിന്ന് 10 പേരുടെ പേര് മാത്രമേ ചേർക്കാൻ കഴിയൂ എന്ന പരിമിതിയും, വെബ്സൈറ്റ് പ്രവർത്തനരഹിതമാകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചില്ലെങ്കിൽ ജനാധിപത്യ പ്രക്രിയ സുതാര്യമായി നടപ്പാക്കാൻ കഴിയില്ല. ചിലരുടെ പേര് ഒന്നിൽ കൂടുതൽ ഇടങ്ങളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതുൾപ്പെടെ, ഈ പ്രശ്നങ്ങൾ കണ്ടെത്തി കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക തയ്യാറാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
2025 ജൂലൈ 23-ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ഓഗസ്റ്റ് ഏഴ് വരെ 15 ദിവസം മാത്രമാണ് പേര് ചേർക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴിയുള്ള പേര് ചേർക്കൽ, തിരുത്തൽ, ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് പേര് മാറ്റൽ തുടങ്ങിയ പ്രക്രിയകൾക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകൾ മൂലം തടസ്സം നേരിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത നിരവധി പേരുടെ പേര് നിലവിലെ പട്ടികയിൽ നിന്ന് വിട്ടുപോയ സാഹചര്യവും നിലനിൽക്കുന്നു. ഇതെല്ലാം പരിഗണിച്ച്, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടിനൽകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.