'ബാബരി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ച് പ്രകോപിതരാക്കി'; ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ റിമാൻഡ് റിപ്പോർട്ട്

പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Update: 2022-05-26 09:57 GMT
Advertising

കൊച്ചി: ബാബരി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് ഓർമപ്പെടുത്തി ജനങ്ങളെ പ്രകോപിതരാക്കുന്ന തരത്തിലാണ് ആലപ്പുഴയിലെ പോപുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം മുഴക്കിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഗുജറാത്ത് കലാപവും ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതും രാമക്ഷേത്ര നിർമാണവും ഓർമിപ്പിച്ച് ജനങ്ങളിൽ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ എസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

''ബാബരിയിലും സുജൂദ് ചെയ്യും, ഗ്യാൻവാപിയിലും സുജൂദ് ചെയ്യും ഇൻഷാ അല്ലാഹ് ഓർത്തുവെച്ചോ'' എന്ന് ഉറക്കെ മുദ്രാവാക്യം വിളിപ്പിച്ചും അത് മറ്റു പ്രതികൾ ഏറ്റുവിളിച്ച് മുസ്‌ലിം മതവിഭാഗത്തിൽപ്പെട്ടവർ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദ് പൊളിക്കുകയും പ്രസ്തുത സ്ഥലത്ത് സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ഹിന്ദു ക്ഷേത്രനിർമാണം നടത്തിവരുന്നതും ബാബരി മസ്ജിദ് പൊളിച്ചതിനെക്കുറിച്ച് ഓർമിപ്പിച്ച് മുസ്‌ലിംകളെ പ്രകോപിതരാക്കിയും പ്രസ്തുത സ്ഥലത്ത് സുജൂദ് ചെയ്യുമെന്ന് പറഞ്ഞ് ഹിന്ദു വിഭാഗത്തിൽപ്പെട്ടവരെ പ്രകോപിതരാക്കിയും ഇന്ത്യക്കാരായ ഹിന്ദുക്കളുടെ മതവികാരങ്ങൾ ആളിക്കത്തിക്കണമെന്നുള്ള മനപ്പൂർവം വിദ്വേഷകരമായ ഉദ്ദേശത്തോടെ പ്രവർത്തിച്ച് ഗ്യാൻവാപിയിലെ പള്ളിയിൽ ശിവലിംഗം കണ്ടു എന്നതിനെ സംബന്ധിച്ച് കോടതിയുടെ പരിഗണനയിലിരിക്കുന്നതും ഉത്തർപ്രദേശിൽ ഹിന്ദു-മുസ് ലിം വിഭാഗത്തിൽപ്പെട്ടവർ തമ്മിൽ അസഹിഷ്ണുത നിലനിന്നു വരുന്നതുമായ വിഷയം കേരളത്തിൽ ഉന്നയിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിനുള്ള പ്രേരണ ചെലുത്തിയും വ്യതസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള ശത്രുതാ മനോഭാവത്തെ മുദ്രാവാക്യത്തിലൂടെ ഉത്തേജിപ്പിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഓർമയുണ്ടെടാ ഗുജറാത്ത്, ഗുജറാത്ത് ഞങ്ങൾ മറക്കൂല എന്ന് മുദ്രാവാക്യം വിളിച്ച് ഗുജറാത്തിലെ വർഗീയ കലാപത്തിന്റെ വിവരങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പകർത്തി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടാക്കുന്നതിനുള്ള പ്രേരണ ചെലുത്തിയും ഹിന്ദു ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആളുകൾക്കെതിരായി കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് മുസ്‌ലിം ജനവിഭാഗത്തെ ഇളക്കിവിടുന്നതിനും പ്രേരിപ്പിക്കുന്നതിനും മതസ്പർധ ഉളവാക്കുന്ന മുദ്രാവാക്യങ്ങൾ വിളിപ്പിച്ചും അത് മറ്റു പ്രതികൾ ഏറ്റു വിളിച്ചു മതപരമായ വികാരം വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ഹിന്ദു-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് മരണഭയവും ആപത് സൂചനയും ജനിപ്പിച്ചും മതങ്ങളും സമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന് വിഘാതം വരുത്തി പൊതുജനദ്രോഹത്തെ സഹായിക്കുന്ന പ്രസ്താവനകൾ നടത്തിയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തി. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിക്ക് കൗൺസിലിങ് നൽകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News