സ്കൂളിലെ ആർ.എസ്‌.എസ്‌ ആയുധ പൂജ: കുറ്റക്കാർക്കെതിരെ നടപടി വേണം -ഡി.വൈ.എഫ്.ഐ

‘നിടുമണ്ണൂർ എൽ.പി സ്കൂൾ മാനേജർ ആർ.എസ്.‌എസ്‌ അജണ്ട നടപ്പാക്കുകയാണ്’

Update: 2024-02-14 12:22 GMT
Advertising

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂർ എൽ.പി സ്കൂളിലെ മാനേജരുടെയും അധ്യാപിക ഘാന ടീച്ചറുടെയും നേതൃത്വത്തിൽ ക്ലാസ് മുറികളിലും ഹെഡ്മാസ്റ്ററുടെ റൂമിലും നടന്ന ആയുധ പൂജ മതേതര കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ. ആർ.എസ്‌.എസ്, ബി.ജെ.പി പ്രവർത്തകനായ നിടുമണ്ണൂർ എൽ.പി സ്കൂൾ മാനേജർ ആർ.എസ്.‌എസ്‌ അജണ്ട നടപ്പാക്കുകയാണ്.

ശാസ്ത്രബോധം വളർത്താൻ പാഠഭാഗത്താളുകൾ പഠിപ്പിക്കുന്ന വിദ്യാലയത്തിൽ തന്നെ നടത്തിയ ഈ മത ചടങ്ങിലൂടെ തെറ്റായ പൊതുബോധമാണ് സ്കൂൾ മുന്നോട്ടുവെക്കുന്നത്. മതനിരപേക്ഷതയിൽ പ്രവർത്തിക്കേണ്ട സ്ഥാപനത്തിൽ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്നതിനു പകരം ഒരു മത വിഭാഗത്തിന്റെ ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യപരമല്ല.

പാഠപുസ്തകങ്ങളിൽ പോലും വർഗീയ അജണ്ട നടപ്പാക്കുന്ന പുതിയ ഇന്ത്യൻ സാഹചര്യത്തിൽ കേരളത്തിലെ ഒരു പൊതുവിദ്യാലയത്തിൽ നടന്ന മത ചടങ്ങ് മതേതര കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ബി.ജെ.പി, ആർ.എസ്‌.എസ്‌ അജണ്ട നടപ്പാക്കാൻ പൊതുവിദ്യാലയം ഉപയോഗപ്പെടുത്തുമ്പോൾ പ്രസ്തുത വിദ്യാലയത്തിലെ മാനേജ്മെന്റിനെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും വർഗീയ നിലപാടുകൾക്ക് നേതൃത്വം നൽകുന്ന സ്കൂളിലെ അധ്യാപിക ഘാന ടീച്ചറെ മാതൃകപരമായ നടപടിക്ക് വിധേയമാക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സ്കൂളിലേക്ക് നടന്ന വിദ്യാർഥി - യുവജന മാർച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.കെ. നികേഷ്, എസ്‌.എഫ്.ഐ ഏരിയാ സെക്രട്ടറി ഒ.പി. അനുവിന്ദ്, കെ. രജിൽ, പി.പി. നിഖിൽ, രസിൽ രമേശ്, സ്നിഗ്ദ, മുഹമ്മദ് കക്കട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News