ഉമർ ഫൈസിയുടെ പ്രസ്‌താവനക്കെതിരെ ആദർശ സമ്മേളനം നടത്തി മറുപടി നൽകാൻ സമസ്‌ത കോർഡിനേഷൻ കമ്മിറ്റി

സമസ്‌ത കോർഡിനേഷൻ എടവണ്ണപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എടവണ്ണപാറയിൽ ആദർശ സമ്മേളനം നടക്കും

Update: 2024-10-31 02:57 GMT
Editor : banuisahak | By : Web Desk

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്‌താവനക്ക് എതിരെ സമസ്‌തയിലെ മറുവിഭാഗം. സമസ്‌ത കോർഡിനേഷൻ എടവണ്ണപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എടവണ്ണപാറയിൽ ആദർശ സമ്മേളനം നടക്കും.

ഉമർ ഫൈസി മുക്കം പ്രസംഗിച്ച സ്ഥലത്ത് വെച്ച് തന്നെ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് എടവണ്ണപ്പറയിലെ പരിപാടി. സ്വതന്ത്ര കൂട്ടായ്‌മയായ സുന്നി ആദർശ വേദിയുടെ നേതൃത്വത്തിൽ കോഴിക്കോടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. എടവണ്ണപാറയിലേ സമസ്‌ത ആദർശ മഹാസമ്മേളനത്തിൽ അബ്‌ദുസമദ് പൂക്കോട്ടൂർ , നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ പങ്കെടുത്തേക്കും.

Advertising
Advertising

ഇന്ന് വൈകിട്ട് 7 മണിക്കാണ് സമ്മേളനം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സുന്നി ആദർശ വേദിയുടെ പ്രതിരോധ സംഗമം. ഇതിനിടെ ഉമർ ഫൈസിക്ക് പിന്തുണയുമായി സമസ്ത മുശാവറ അംഗങ്ങൾ രംഗത്തെത്തി. മതവിധി പറയുന്ന പണ്ഡിതർക്ക് എതിരെ പൊലീസ് നടപടി ഖേദകരമാണെന്നും ഉമർ ഫൈസിക്ക് എതിരെ നടക്കുന്ന ദുഷ്പ്രചാരണവും അംഗീകരിക്കാൻ കഴിയില്ല എന്നുമാണ് സമസ്‌തയുടെ 9 കേന്ദ്ര മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്‌താവന ഇറക്കിയത്. 

ഉമർ ഫൈസിയുടെ പ്രസ്‌താവനക്ക് സമസ്‌തയുമായി ബന്ധമില്ല എന്ന് സമസ്‌ത നേതൃത്വം വിശദീകരിച്ചിരുന്നു. എന്നാൽ, ഉമർ ഫൈസിക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ലീഗ് നേതൃത്വം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News