'മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു'; പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

'പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും'

Update: 2021-12-02 05:53 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഇക്കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്‌ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും.'- തങ്ങൾ പറഞ്ഞു. 

'പള്ളികളില്‍ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോള്‍ അതില്‍ പള്ളിയില്‍ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ വഖഫ് മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്' - തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

'പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും. വഖഫ് ബോർഡിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കേണ്ടത്. പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക.'- അദ്ദേഹം കൂട്ടിച്ചേർത്തു. 

വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പള്ളികളിലൂടെ ബോധവൽക്കരണം നടത്താനാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്‌ലിം ഏകോപന സമിതി യോഗം തീരുമാനിച്ചിരുന്നത്. പള്ളികളെ രാഷ്ട്രീമായി ദുരുപയോഗം ചെയ്യുകയല്ലെന്നും തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു. സിഎഎ, എൻആർസി വിഷയത്തിൽ ഇത്തരത്തിൽ ബോധവൽക്കരണം നടത്തിയിരുന്നു എന്നും അവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ പള്ളികളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് സിപിഎം ആരോപിച്ചിരുന്നു. പള്ളികളിൽ പ്രതിഷേധമുണ്ടായാൽ കുറ്റം പറയാനാകില്ലെന്നും പാർട്ടി മുന്നറിയിപ്പു നൽകിയിരുന്നു. തവനൂർ എംഎൽഎ കെടി ജലീലിനെ മുൻ നിർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം. പാർട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും പിന്നീട് ഇതേ നിലപാട് ആവർത്തിച്ചിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News