'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറെന്ന സിപിഎം നിലപാട് ഞങ്ങൾ ശരിവെക്കുന്നു' - വി.ഡി സതീശൻ

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായിയെക്കുറിച്ച് പറഞ്ഞപോലെയൊന്നും സന്ദീപ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

Update: 2024-11-16 06:23 GMT

പാലക്കാട്: സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് സിപിഎം നേതാക്കൾ പറഞ്ഞത് ശരിവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറുപ്പിന്റെ കടവിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വാഗതം ചെയ്യും. ഒരു പാർട്ടിയുടെ വക്താവായിരുന്നപ്പോൾ ആ പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.  പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി മുഖ്യമന്ത്രി പിണറായിയെക്കുറിച്ച് പറഞ്ഞപോലെയൊന്നും സന്ദീപ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

ഇതൊരു തുടക്കമാണ്. ബിജെപിയിൽ നടക്കുന്നത് കലാപമാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും നേതൃത്വമാണ് കേരളത്തിലെ ബിജെപിയിലുള്ളത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പിണറായി വിജയന്റെ ഔദാര്യത്തിൽ നിൽക്കുന്നയാളാണ്. ഭൂരിപക്ഷ വർഗീയതയെയോ ന്യൂപക്ഷ വർഗീയതയേയോ ഞങ്ങൾ താലോലിക്കില്ല. വോട്ട് കിട്ടാനോ ജയിക്കാനോ ഒരാളെയും സുഖിപ്പിച്ച് പിറകേ പോകില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Advertising
Advertising

സന്ദീപ് വാര്യർ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പാലക്കാട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സന്ദീപിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഷാളണിയിച്ച് സ്വീകരിച്ചു. മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കണമെന്ന നിഷ്കർഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരൻ പറഞ്ഞു. അദ്ദേഹത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളിൽ അതിന്റെ പ്രതിഫലനങ്ങൾ കാണാമെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.  

ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത പരസ്യമാക്കിയ സന്ദീപ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ല. സിപിഎം നേതൃത്വവുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സന്ദീപ് നല്ല നേതാവാണെന്നും വന്നാൽ സ്വീകരിക്കുമെന്നും സിപിഎം നേതാവ് എ.കെ ബാലൻ പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി സന്ദീപ് കോൺ​ഗ്രസിലേക്ക് എത്തുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News