'ഈ മഹത്തായ അവസരത്തിൽ നിരവധി കേരള രാഷ്ട്രീയ നേതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം'; സണ്ണി ജോസഫിനും പി.സി ജോര്‍ജിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് തരൂര്‍

ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു എംപി

Update: 2025-07-28 02:29 GMT
Editor : Jaisy Thomas | By : Web Desk

പാലാ: കോൺഗ്രസുമായുള്ള ഭിന്നതകൾക്കിടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമായി വേദി പങ്കിട്ടതിന്‍റെ ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. ഒപ്പം പി.സി ജോര്‍ജിനൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തിലായിരുന്നും തരൂരും സണ്ണി ജോസഫും ഒരേ വേദിയിലെത്തിയത്. ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്നു എംപി.

ശശി തരൂർ എന്തെങ്കിലും സ്ഥാനത്തേക്കെത്തണമെന്ന് എല്ലാവരും കരുതുന്ന ആളാണെന്നായിരുന്നു അധ്യക്ഷ പ്രസംഗത്തിൽ കര്‍ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. സുവിശേഷത്തിന്റെ ഗന്ധം പാലായിൽ എപ്പോഴുമുണ്ടെന്ന് ആശംസാപ്രസംഗത്തിൽ തരൂരും പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തരൂരിനെ 'കേരളത്തിൽ നിന്നുള്ള ഒരു കോസ്മോപൊളിറ്റൻ നേതാവ്' എന്നാണ് വിശേഷിപ്പിച്ചത്.

Advertising
Advertising

മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി റോഷി അഗസ്റ്റിൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ഔഗേൻ കുര്യാക്കോസ്, ജോസ് കെ. മാണി എംപി, കുര്യാക്കോസ് മാർ സേവേറിയോസ്, ഫ്രാൻസിസ് ജോർജ് എംപി, മലബാർ സ്വതന്ത്രസുറിയാനി സഭ മെത്രാപ്പൊലീത്ത സിറിൾ മാർ ബസേലിയോസ്, മാണി സി. കാപ്പൻ എംഎൽഎ, ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർ ജോസഫ് പാംപ്ലാനി, ജോഷ്വാ മാർ നിക്കാദേമോസ്, ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി ഉരസി നില്‍ക്കുന്ന തരൂര്‍ മോദി സ്തുതി തുടരുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. വിവാദങ്ങളോട് അകലം പാലിക്കാൻ വക്താക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. കുറച്ചുനാളുകളായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിട്ടില്ല.

നിലപാട് തിരുത്താത്തിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തരൂരിന്‍റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നുമാണ് മുരളീധരൻ പറഞ്ഞത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News