സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല; ഷാരിസ് മുഹമ്മദിനെതിരെ എസ്.ഡി.പി.ഐ

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്‍റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു

Update: 2022-08-03 07:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചുവെന്ന ജന ഗണ മന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്‍റെ പ്രസ്താവനക്കെതിരെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ രംഗത്ത്. എസ്.ഡി.പി.ഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ലെന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്നും ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്‍റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നതായും അബ്ദുല്‍ ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്‍റെ പേരിന്‍റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. എം.എസ്.എഫിന്‍റെ പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാർഡ്.

കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്‍റെ പേരിൽ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്‍റെ ലാഭവും വേണ്ടെന്നായിരുന്നു ഷാരിസ് മുഹമ്മദ് പറഞ്ഞത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേര് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷാരിസിന്‍റെ പരാമര്‍ശം.

Full View

അബ്ദുല്‍ ജബ്ബാറിന്‍റെ കുറിപ്പ്

ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്‍ലിം വിദ്യാര്‍ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്.ഡി.പി.ഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എസ്.ഡി.പി.ഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്‍റെ പേരിന്‍റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. എസ്.ഡി.പി.ഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്‍റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു. എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്‍റെ കയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News