വെള്ളിത്തളികയിൽ ഒരാൾക്ക് 5000 രൂപയുടെ ഭക്ഷണം; സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ആഡംബര വിരുന്ന്, വിവാദം

മുംബൈയിൽ നടന്ന പാർലമെന്‍റിന്‍റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്

Update: 2025-06-26 10:07 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മഹാരാഷ്ട്ര സര്‍ക്കാര്‍ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. മുംബൈയിൽ നടന്ന പാർലമെന്‍റിന്‍റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗമാണ് മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

മുംബൈയിലെ വിധാൻ ഭവൻ സമുച്ചയത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്ത രണ്ട് ദിവസത്തെ പരിപാടിയിൽ രാജ്യത്തുടനീളമുള്ള 600 ഓളം അതിഥികളെ സ്വാഗതം ചെയ്തിരുന്നു. ഈ യോഗത്തിൽ 550 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത വെള്ളി പാത്രങ്ങളിലാണ് അതിഥികൾക്കായി 5,000 രൂപയുടെ ഭക്ഷണം വിളമ്പിയതെന്നാണ് മഹാരാഷ്ട്ര കോൺഗ്രസിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ ധൂര്‍ത്തെന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് വിജയ് വഡെറ്റിവാർ വിരുന്നിനെ വിശേഷിപ്പിച്ചത്. '' സംസ്ഥാനം ഏതാണ്ട് പാപ്പരത്തത്തിന്‍റെ വക്കിലായിരിക്കുമ്പോൾ, മുംബൈയിലെ എസ്റ്റിമേറ്റ് കമ്മിറ്റി അംഗങ്ങൾക്ക് വെള്ളി പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പേണ്ടതിന്‍റെ ആവശ്യകത എന്താണ്?" അദ്ദേഹം നാഗ്പൂരിൽ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

Advertising
Advertising

ഓരോ അതിഥിയുടെയും ഭക്ഷണത്തിനായി ഏകദേശം 5,000 രൂപ ചെലവഴിച്ചുവെന്നും മറുവശത്ത്, കർഷകർക്ക് വായ്പ എഴുതിത്തള്ളൽ നിഷേധിക്കപ്പെട്ടുവെന്നും ബോണസ് നൽകുന്നില്ലെന്നും നിരവധി ക്ഷേമ പദ്ധതികൾക്കുള്ള ബജറ്റ് വെട്ടിക്കുറച്ചതായും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ഹർഷവർദ്ധൻ സപ്കലും ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രംഗത്ത് വന്നു. ആഡംബര പാര്‍ട്ടിക്കായി ചെലവഴിച്ച പണത്തിന് ധൂലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയ പണവുമായി ബന്ധമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ കുംഭറും വിമര്‍ശനവുമായെത്തി. പരിപാടിയില്‍ അതിഥികള്‍ക്കായി മൊത്തം 27 ലക്ഷം രൂപ ചെലവായെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനത്തിന്‍റെ പണം ഉപയോഗിച്ചുള്ള 'അതിരുകടന്ന ധൂര്‍ത്ത്' എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.

"ഇന്ത്യയിലുടനീളമുള്ള ബജറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കുവേണ്ടി മുംബൈയില്‍ വിധാന്‍ ഭവനിലാണ് ആഡംബര വിരുന്ന് സംഘടിപ്പിച്ചത്. 550 രൂപ വില വരുന്ന വെള്ളി പാത്രങ്ങളില്‍ ഒരാള്‍ക്ക് 5,000 രൂപയുടെ ഭക്ഷണം വിളമ്പി. മൊത്തം ചെലവായത് 27 ലക്ഷം രൂപയാണ്. ചെലവുചുരുക്കലിനെ കുറിച്ച് പ്രസംഗിക്കുന്ന അതേ കമ്മിറ്റിയാണ് ഈ ധൂര്‍ത്തിന്‍റെ ഭാഗമായത്. ഇത് ജനരോഷത്തിന് ഇടയാക്കി", അദ്ദേഹം എക്‌സില്‍ കുറിച്ചു. "40 അടി ബാനറുകൾ, താജ് പാലസിലെയും ട്രൈഡന്റിലെയും താമസസ്ഥലങ്ങൾ, എസി ഡൈനിംഗ് ടെന്‍റുകൾ, ചാൻഡിലിയറുകൾ, ചുവന്ന പരവതാനികൾ ... ഇത് നികുതിദായകരുടെ പണത്തോടുള്ള രാജകീയ പരിഹാസമായിരുന്നു!" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News