ശിവഗിരി മഠത്തിന്റെ ത്രിദിന ലോകമത പാർലമെന്റിന് ഇന്ന് വത്തിക്കാനിൽ തുടക്കം; മാർപാപ്പ പങ്കെടുക്കും

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത്

Update: 2024-11-29 06:32 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ആഗോള ക്രൈസ്തവസഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ ത്രിദിന ലോകമത പാർലമെന്റിന് ഇന്ന് തുടക്കമാകും. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ലോകമത സമ്മേളനം നടക്കുന്നത്.

മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലോകമത പാർലമെന്റിന്റെ മുഖ്യ ലക്ഷ്യം. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാദർ ഇൻഡുനിൽ ജെ കൊടിത്തുവാക്കുകെ ഉദ്ഘാടന സന്ദേശം നൽകും. 30ന് ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും.

Advertising
Advertising

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കർണാടക സ്പീക്കർ യു.ടി ഖാദർ, ഫാ. ഡേവിഡ് ചിറമേൽ, രഞ്ജിത് സിങ്(പഞ്ചാബ്), ഡോ. എ.വി അനൂപ്, കെ. മുരളീധരൻ മുരള്യ, ഡോ. സി.കെ രവി (ചെന്നൈ), ഗോപു നന്തിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ തുടങ്ങിയവരും പാർലമെന്റിൽ പ്രസംഗിക്കും. സ്വാമി സച്ചിദാനന്ദ തയാറാക്കിയ 'സർവമതസമ്മേളനം' എന്ന പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പും 'ഗുരുവും ലോകസമാധാനവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും.

ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് സമ്മേളനത്തിൽ ശിവഗിരി മഠത്തെ പ്രതിനിധീകരിക്കുന്നത്.

Summary: Sivagiri Mutt's three-day World Religions Parliament begins at the Vatican today; Pope Francis set to attend

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News