'ഞങ്ങൾ വിശ്വാസികൾക്കൊപ്പം; ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും സത്യം പറയും'; വിവാദങ്ങളിൽ പ്രതികരിച്ച് സ്പീക്കർ ഷംസീർ

'വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകൾ. അവർ അന്നുകൊണ്ട അടിയുടെ ഭാഗമായാണ് ഇന്ന് എല്ലാവർക്കും വിശ്വാസം കൊണ്ടുനടക്കാൻ കഴിയുന്നത്.'

Update: 2023-08-03 16:30 GMT
Editor : Shaheer | By : Web Desk

  എ.എന്‍ ഷംസീര്‍

Advertising

കണ്ണൂർ: ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ സംഘടിതമായ നീക്കം നടക്കുന്നുണ്ടെന്ന് സ്പീക്കർ എ.എൻ ഷംസീർ. സി.പി.എം വിശ്വാസികൾക്കൊപ്പമാണെന്നും ഒറ്റ തിരിഞ്ഞ് ആക്രമിച്ചാലും സത്യം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രചിന്ത പ്രചരിപ്പിക്കണമെന്ന് ഇന്ത്യൻ ഭരണഘടന തന്നെ നിർദേശിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

കണ്ണൂർ ആന്തൂരിലെ കടമ്പേരിയിൽ നടന്ന പി.വി.കെ കടമ്പേരി അനുസ്മരണം ഉദ്ഘാടനം ചെയ്താണ് പുതിയ വിവാദങ്ങളോട് സ്പീക്കർ പ്രതികരിച്ചത്. ''ശാസ്ത്രചിന്ത പ്രചരിപ്പിക്കണമെന്ന് ഇന്ത്യൻ ഭരണഘടന തന്നെ നിർദേശിക്കുന്നുണ്ട്.

ഞങ്ങൾ വിശ്വാസികൾക്ക് എതിരാണെന്ന് പ്രചരിപ്പിക്കുന്നു. വിശ്വാസം സംരക്ഷിക്കാൻ തെരുവിൽ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകൾ. അവർ അന്നുകൊണ്ട അടിയുടെ ഭാഗമായാണ് ഇന്ന് എല്ലാവർക്കും അവരുടെ വിശ്വാസം കൊണ്ടുനടക്കാൻ കഴിയുന്നത്. കേരളത്തിന്റെ മണ്ണിനെ മലിനമാക്കാൻ സംഘടിതമായ ശ്രമം നടക്കുന്നു.''-അദ്ദേഹം പറഞ്ഞു.

''ആക്ഷേപങ്ങളും ആരോപണങ്ങളും ഞങ്ങൾ ആദ്യമായല്ല കേൾക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ മനഃസാക്ഷിയെ ബോധ്യപ്പെടുത്തിയാൽ മതി. വെറുപ്പിന്റെ പ്രചാരകരായി ചിലർ മാറുകയാണ്. ഏതെങ്കിലും മതവിശ്വാസത്തിന് ഞങ്ങൾ എതിരല്ല. ഒരു രാഷ്ട്രീയ പാർട്ടി സംഘടിതമായി ആക്ഷേപിക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് അതിന് പിന്നിൽ. ശാസ്ത്രവും ചരിത്രബോധവും പ്രചരിപ്പിക്കുന്നതിനെ ഇവർ ഭയക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്ന് അറിയാം. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയിൽനിന്നു ചരിത്രപുരുഷന്മാർ ഇല്ലാതാകുന്നു. ചരിത്രത്തെ വക്രീകരിക്കുന്നു. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണു സംഘടിതമായ നീക്കം നടക്കുന്നത്. അതിനെ ചെറുത്തുതോൽപിക്കേണ്ടതു മതവിശ്വാസിയുടെയും ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയും ഉത്തരവാദിത്തമാണ്.''

പാഠപുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയാണ്. ഗാന്ധിയെ പഠിക്കേണ്ട എന്നു പറയുന്നു. ഞങ്ങൾ പറയുന്നതുമാത്രം പഠിച്ചാൽ മതിയെന്ന് പറഞ്ഞാൽ ഞങ്ങൾ അതിനെ വകവച്ചുകൊടുക്കില്ല. എത്ര കണ്ട് ഒറ്റതിരിഞ്ഞ് ആക്രമിച്ചാലും ഞങ്ങൾ സത്യം പറയും. ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്. ഞങ്ങൾ എല്ലാ വിശ്വാസത്തെയും അംഗീകരിക്കുന്നു. വിശ്വാസത്തിനെതിരല്ല. വർഗീയതയുടെ കട അധികകാലം ഇവർക്ക് തുറന്നുവയ്ക്കാനാകില്ലെന്നും ഷംസീർ വ്യക്തമാക്കി.

''മതസ്പർധയും വർഗീയതയുമുണ്ടായ ഏതെങ്കിലും നാട്ടിൽ പുരോഗതിയുണ്ടായിട്ടുണ്ടോ? വർഗീയതയുടെ പേരിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രമാണ് പാകിസ്താൻ. അവിടെ സമാധാനമുണ്ടോ? വർഗീയ കലാപങ്ങളുടെ ഉൽപന്നം അനാഥത്വം പേറുന്ന കുഞ്ഞുങ്ങളാണ്. അമ്മാരെയും അച്ഛന്മാരെയും നഷ്ടപ്പെടുന്നവർ കുട്ടികളാണ്. ശാസ്ത്രത്തിന്റെ പ്രചാരകന്മാരായി മാറാൻ എല്ലാവരും സാധിക്കണം. അതോടൊപ്പം രാജ്യത്തെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും ഭരണഘടന സംരക്ഷിക്കാനും ഭരണഘടനയുടെ പ്രചാരകരായി മാറാനും സജീവമായി രംഗത്തിറങ്ങണം.''

Full View

ശാസ്ത്രസാങ്കേതിക വികാസം പ്രാപിക്കുകയാണ്. ചാറ്റ് ജി.പി.ടിയുടെ കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലം. ഇപ്പോൾ കവിത എഴുതാത്തവർക്കും ജി.പി.ടിയിലൂടെ കവിയാകാം. കഥ എഴുതാം. ഇവിടെയാണ് വർഗീയത കുത്തിവയ്ക്കാൻ ശ്രമിക്കുന്നത്. കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാതെ മനുഷ്യർക്കിടയിൽ എങ്ങനെയാണ് ഇവർക്കു കച്ചവടമുണ്ടാക്കാനാകുക? അതിന്റെ അസ്വസ്ഥതയിൽനിന്നാണ് പലതരത്തിലുള്ള കോലാഹലങ്ങളും കൈകാലിട്ടടിയും പ്രചാരണങ്ങളും നടക്കുന്നത്. കേരളത്തിന്റെ മണ്ണിൽ ഒരു വർഗീയവാദിക്കും ഇടമില്ല. ഇവിടെ ഒരു വർഗീയശക്തിക്കും വേരു മുളപ്പിക്കാനാകില്ല. മതനിരപേക്ഷയ്ക്കു വേണ്ടിയും വർഗീയതയ്‌ക്കെതിരെയും പോരാടണമെന്നും എ.എൻ ഷംസീർ ആവശ്യപ്പെട്ടു.

Summary: Speaker AN Shamsir said that there is an organized movement to make India a religious nation. He clarified that CPM is with believers and will tell the truth even if they attack him alone

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News