ഉമാ തോമസിന് ഗുരുതര പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു, സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആര്‍
സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്
കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസ് കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരിപാടിയുടെ സംഘാടകർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമിച്ചവരും കേസിലെ പ്രതികളാണ്. അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് എഫ്ഐആര്‍. സ്റ്റേജിനു മുന്നിൽ നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇട്ടില്ല.സുരക്ഷിതമായ കൈവരികൾ സ്ഥാപിച്ചില്ലെന്നും എഫ്ഐആർ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. 10 അടിയോളം ഉയരത്തിലുള്ള വിഐപി പവലിയനിൽ നിന്നാണ് എംഎൽഎ വീണത്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു.
പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് ഉമ. തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ ഉമ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. വെന്‍റിലേറ്ററിലുള്ള ഉമയുടെ തലയിലെ രക്തസ്രാവം നിയന്ത്രണ വിധേയമാണ്.