മുനമ്പം ജനതയെ വഞ്ചിച്ചത് സംസ്ഥാന സർക്കാരും വഖഫ് ബോർഡും; സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കാത്തിരിക്കുന്നു: വി.ഡി സതീശൻ

വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകൾ.

Update: 2025-04-15 15:30 GMT

കൊച്ചി: മുനമ്പം ജനതയെ വഞ്ചിച്ചത് സംസ്ഥാന സർക്കാരും വഖഫ് ബോർഡുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒത്തുതീർപ്പുണ്ടാകുന്നത് സർക്കാർ തന്നെ അട്ടിമറിക്കുന്നു. ട്രിബ്യൂണലിനെതിരെ വഖഫ് ബോർഡ് കോടതിയിൽ പോയത് ഗൂഢാലോചനയുടെ ഭാഗമാണ്. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭത്തിനായി ബിജെപി കാത്തിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

വഖഫ് ബിൽ പാസായാൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ബിജെപിയുടെ വാദം ശരിയല്ലെന്ന് സമ്മതിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകൾ. യുഡിഎഫിൻ്റെ നിലപാടാണ് ശരിയെന്ന് വഖഫ് ഭേഗതി ബിൽ അവതരിപ്പിച്ച മന്ത്രിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. മാത്രമല്ല മുനമ്പത്തെ സംബന്ധിച്ച് ഒരിക്കലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങൾക്ക് വാതിൽ തുറന്നിടുന്നതാണ് വഖഫ് ഭേദഗതി നിയമം.

Advertising
Advertising

എന്ത് പ്രതിസന്ധി ഉണ്ടായാലും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ട്. ഇപ്പോൾ പ്രശ്നപരിഹാരത്തിന് തടസമായി നിൽക്കുന്നത് സംസ്ഥാന സർക്കാരും സർക്കാരിന് കീഴിലുള്ള വഖഫ് ബോർഡുമാണ്. വഖഫ് ട്രിബ്യൂണലിൽ നിന്ന് അനുകൂലവിധി പ്രതീക്ഷിച്ചിരുന്ന മുനമ്പം നിവാസികളെ പാടേ നിരാശപ്പെടുത്തുന്നതാണ് സർക്കാർ നിലപാട്.

ട്രിബ്യൂണലിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയിൽ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നാണ് ഭൂമി നൽകിയ സേട്ടിൻ്റെ കുടുംബവും ഭൂമി വാങ്ങിയ ഫാറൂഖ് കോളജും ട്രിബ്യൂണലിൽ വ്യക്തമാക്കിയത്. പ്രശ്ന പരിഹാര സാധ്യത തെളിഞ്ഞുവന്നപ്പോഴാണ് സംസ്ഥാന സർക്കാർ തന്നെ അത് അട്ടിമറിച്ചത്.

വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രബല്യമില്ലെന്ന് കേന്ദ്രമന്ത്രി നേരത്തെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് മുനമ്പം വിഷയം ശാശ്വതമായി പരിഹരിക്കുന്നത്. രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കാത്തിരിക്കുകയാണ് ബിജെപി. ആ രാഷ്ട്രീയ ലാഭം യുഡിഎഫിന് വേണ്ട. ശാശ്വത പ്രശ്നപരിഹാരമാണ് യുഡിഎഫ് ലക്ഷ്യമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുനമ്പത്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമിച്ചതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പം നിവാസികളെ ബിജെപി വഞ്ചിച്ചെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറ‍ഞ്ഞു. മുനമ്പത്തുകാരുടെ ജീവിതം വച്ച് ബിജെപി രാഷ്ട്രീയം കളിച്ചു. സമരക്കാരെ പറ്റിച്ച് ബിജെപിയിലേക്ക് ആളെക്കൂട്ടാനാണ് ശ്രമിച്ചത്. ക്രൈസ്തവ- മുസ്‌ലിം സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ഷിയാസ് ആരോപിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News