'മകളെ ഭർതൃസഹോദരൻ പീഡിപ്പിച്ചതറിയില്ല, കൊലപാതകം കുട്ടികളും ഭർത്താവും വീട്ടുകാരും ഒറ്റപ്പെടുത്തിയതിന്റെ പ്രതികാരം'; അമ്മയുടെ മൊഴി

ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ

Update: 2025-05-23 04:53 GMT
Editor : Lissy P | By : Web Desk

 ആലുവ: മകൾ പീഡനത്തിനിരയായത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആലുവയിൽ കൊല്ലപ്പെട്ട മൂന്ന് വയസുകാരിയായ അമ്മയുടെ മൊഴി.ഭര്‍ത്താവിന്‍റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ച കാര്യം പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അമ്മ അറിയുന്നതെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നു.

ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. അതിൽ താൻ കടുത്ത വിഷമത്തിലായിരുന്നെന്നും  അതിന്റെ പ്രതികാരമായാണ് പുഴയിൽ എറിഞ്ഞ് കൊന്നതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. കുട്ടിയെ ഇല്ലാതാക്കിയാല്‍ ഭര്‍തൃവീട്ടുകാരുടെ വിഷമം കാണാന്‍ കഴിയും എന്നതായിരുന്നു കൊലപാതകം നടത്തിയതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ പറഞ്ഞു. 

Advertising
Advertising

എന്നാല്‍ അമ്മയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കുട്ടിയുടെ അമ്മയെയും പിതൃസഹോദരനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. മകളെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ ചോദ്യം ചെയ്യൽ തുടരും. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് വ്യക്തമായത്. ഒന്നരവര്‍ഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.

കുട്ടിക്ക്‌ കൂടുതൽ അടുപ്പം അച്ഛന്‍റെ സഹോദരന്മാരുമായാണെന്ന അമ്മയുടെ മൊഴിയാണ് കേസില്‍ നിർണായകമായത്.ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. പിന്നീട് തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അബദ്ധം പറ്റി പോയെന്നായിരുന്നു പ്രതിയുടെ മൊഴി. കൊല്ലപ്പെടുത്തുന്നതിന് തലേദിവസവും കുട്ടി പീഡനത്തിന് ഇരയായെന്നായിരുന്നു പൊലീസ് പറയുന്നത്.

മൂന്ന് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയിൽ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News