'ആമസോൺ കാടും വിദേശ രാജ്യങ്ങളൊന്നുമല്ല'; മ്മടെ തൃശൂരിലാണ് ഈ വൈറൽ ഗ്രൗണ്ട്...
വർഷങ്ങളായി ഗ്രൗണ്ട് അവിടെയുണ്ടെങ്കിലും മീതെ ഡ്രോൺ ക്യാമറ പറന്നതോടെയാണ് ഇത്രയും മൊഞ്ചുണ്ടെന്ന് നാട്ടുകാർക്ക് തന്നെ ബോധ്യമായത്
തൃശൂർ: ''ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോൺ കാടുകൾക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേൽ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും''- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍ വരുന്ന കമന്റുകളാണ് ഇതൊക്കെ.
കമന്റുകളിൽ പറയുന്നത് പോലെയൊന്നും അല്ല. മ്മടെ തൃശൂരിലാണ് വിദേശരാജ്യത്തെ കളി സ്ഥലങ്ങളോട് സാദൃശ്യമുള്ള ഈ മൈതാനം. തൃശൂർ പാലപ്പള്ളിയിലാണ് ഗ്രൗണ്ട്. ഇങ്ങനെയൊരു ഗ്രൗണ്ട് ദീർഘനാളായി അവിടെയുണ്ടെങ്കിലും മീതെ ഡ്രോൺ ക്യാമറ പറന്നതോടെയാണ് ഇത്രയും മൊഞ്ച് ഗ്രൗണ്ടിനുണ്ടെന്ന് നാട്ടുകർക്ക് തന്നെ ബോധ്യപ്പെട്ടത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ വരന്തരപ്പിള്ളിയിലെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് പ്രകൃതിഭംഗി നിറഞ്ഞ കളിക്കളം. ഇടതൂര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍മരങ്ങള്‍ക്ക് നടുവിലാണ് ഈ മനോഹര മൈതാനം. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. എന്നാല്‍ പുറത്തുവരുന്ന ദൃശ്യങ്ങളില്‍ ചെറുറോഡ് കാണില്ല.
യഥാർഥത്തിൽ ഇതൊരു ഫുട്‌ബോൾ മൈതാനമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 70, 75 കാലഘട്ടത്തിൽ ഫുട്‌ബോൾ ടൂർണമെന്റുകൾ നടന്നിരുന്ന വേദിയായിരുന്നു ഇവിടെ. പിന്നീടാണ് ക്രിക്കറ്റക്കെ വന്നത്. എസ്‌റ്റേറ്റ് മേഖലയിലെ കുട്ടികള്‍ക്കിടയില്‍ ഫുട്‌ബോൾ പ്രോത്സാഹിപ്പിക്കാനാണ് ഗ്രൗണ്ട് ഉപയോഗിച്ചതെന്ന് പാലപ്പിള്ളി ടിഎസ്ആർ ഫാക്ടറി ഇൻ ചാർജ് ജിതിൻ പറയുന്നു. ഏതായാലും ഏവരെയും മനംകവരുന്ന ഈ ഗ്രൗണ്ടിന്റെ ദൃശ്യങ്ങൾ വൈറലായതോടെ, പുറത്തുനിന്നുള്ള ആളുകളും ഇങ്ങോട്ട് ബാറ്റും ബോളുമായി വരുന്നുണ്ട്.