കൂട്ടുകാർക്ക് ജന്മദിന മധുരം നൽകി വിദ്യാർഥിനി ജീവനൊടുക്കി
വടക്കുകിഴക്കൻ കർണാടകയിലെ റായ്ച്ചൂരിൽ താമസിക്കുന്ന മഹന്തപ്പയുടെ മകൾ തേജസ്വിനിയാണ് ജീവനൊടുക്കിയത്.
മംഗളൂരു: കുടക് ജില്ലയിൽ എൻജിനീയറിങ് കോളജ് ഒന്നാം വർഷ വിദ്യാർഥിനി ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. പൊന്നംപേട്ടിലെ ഹള്ളിഗട്ട് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് കോഴ്സ് പഠിക്കുന്ന തേജസ്വിനിയാണ്(19) മരിച്ചത്.
പഠനത്തിലെ സമ്മർദം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ആറ് ബാക്ക്‌ലോഗുകൾ ഉണ്ടെന്നും പഠനം തുടരാൻ തനിക്ക് താത്പര്യമില്ലെന്നും കത്തിലുണ്ട്.
വടക്കുകിഴക്കൻ കർണാടകയിലെ റായ്ച്ചൂരിൽ താമസിക്കുന്ന മഹന്തപ്പയുടെ ഏക മകളായിരുന്നു തേജസ്വിനി. മൂന്ന് ദിവസം മുമ്പ് തന്റെ 19-ാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച തേജസ്വിനി പങ്കെടുക്കാൻ കഴിയാത്തവർക്ക് ബുധനാഴ്ച വീണ്ടും മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. ക്ലാസുകളിൽ പങ്കെടുത്ത ശേഷം വൈകുന്നേരം നാലോടെയാണ് ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയത്.