ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ: മൊബൈൽ ഫോൺ കണ്ടെത്തി
ഭർത്താവ് നോബിയുടെ സംഭാഷണം ആത്മഹത്യക്ക് പ്രകോപനമായെന്നാണ് നിഗമനം
കോട്ടയം: ഏറ്റുമാനൂരിൽ പെൺമക്കളൊടൊപ്പം ആത്മഹത്യാ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കേസിൽ നിർണായകമായ തെളിവായ ഫോൺ ഷൈനിയുടെ വീട്ടിൽനിന്നാണ് ഏറ്റുമാനൂർ പൊലീസ് കണ്ടെത്തിയത്. ഷൈനിയെ മരിക്കുന്നതിന്റെ തലേന്ന് ഫോൺ വിളിച്ചതായി ഭർത്താവ് നോബി ലൂക്കോസ് മൊഴി നൽകിയിരുന്നു .
ഭർത്താവ് നോബിയുടെ സംഭാഷണം ആത്മഹത്യക്ക് പ്രകോപനമായെന്നാണ് നിഗമനം. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഷൈനിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയിൽ തൃപ്തരല്ലാത്ത പൊലീസ് ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നോബിയുടെ ജാമ്യപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഫെബ്രുവരി 28നാണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഹോൺ അടിച്ചിട്ടും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു.
ഷൈനിയും നോബിയും ഒമ്പത് മാസമായി അകന്ന് കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ച്, ആറ് ക്ലാസ് വിദ്യാർഥികളാണ് മരിച്ച അലീനയും ഇവാനയും.