ലോറിക്കും ബസിനുമിടയിൽ കാർ കുടുങ്ങി; ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരിച്ചു
ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഉടൻ തന്നെ ബസിലേക്ക് ചാടിക്കയറി ഹാൻഡ് ബ്രെക്ക് ഇട്ട് നിർത്തിയതിനാൽ ദുരന്തം ഒഴിവായി.
കോഴിക്കോട്: താമരശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മജ്‌ദൂദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറിക്കും ബസിനുമിടയിൽ കാർ കുടുങ്ങി അപകടമുണ്ടായത്. മജ്‌ദൂദ് ആണ് കാർ ഓടിച്ചിരുന്നത്.
ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ചരക്കു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ലോറി തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണിരുന്നു. ഉടൻ തന്നെ ബസിലേക്ക് ചാടിക്കയറി ഹാൻഡ് ബ്രെക്ക് ഇട്ട് നിർത്തിയതിനാൽ ദുരന്തം ഒഴിവായി.
കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കം മൂന്നുപേർക്കും ബസിലെ ഒൻപത് യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.