Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രഭിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകളെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ അച്ഛൻ ആരോപിച്ചിരുന്നു.
വിഷ്ണുജയുടെ കുടുംബത്തിന്റെ പരാതിയിൽ ഇന്ന് രാവിലെയാണ് പ്രഭിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനൊടുവിൽ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങൾ പ്രഭിനെതിരെ ചുമത്തിയിട്ടുണ്ട്. സൗന്ദര്യമില്ലെന്ന് ആരോപിച്ച് നിരന്തരം അവഹേളിച്ചു, സ്ത്രീധനം കിട്ടിയത് കുറവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു, ജോലിയില്ലാത്തതിന് ആക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു പ്രഭിനെതിരെ വിഷ്ണുജയുടെ കുടുംബം ഉയർത്തിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മലപ്പുറം എളങ്കൂരിലെ ഭർതൃവീട്ടിൽ 25കാരിയായ വിഷ്ണുജ തൂങ്ങിമരിച്ചത്. 2023 മെയിലായിരുന്നു പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം.