കുറഞ്ഞ ചെലവിൽ രോഗികൾക്ക് താമസസൗകര്യം; കനിവ് പീപ്പിൾസ് കെയർ സെൻറിൻറെ ശിലാസ്ഥാപനം നിർവഹിച്ചു
മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ താമസമൊരുക്കുന്നതടക്കമുള്ള സേവനങ്ങളാണ് കെയർ സെൻറർ വഴി ലഭിക്കുക
കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷൻറെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർമിക്കുന്ന കനിവ് പീപ്പിൾസ് കെയർ സെൻറിൻറെ ശിലാസ്ഥാപനം മിനാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി എ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ താമസമൊരുക്കുന്നതടക്കമുള്ള സേവനങ്ങളാണ് കെയർ സെൻറർ വഴി ലഭിക്കുക.
കോഴിക്കോട് മെഡിക്കൽ കോളജിൽ ദീർഘകാല ചികിത്സാർത്ഥം എത്തുന്ന അഡ്മിറ്റ് ചെയ്തിട്ടില്ലാത്ത രോഗികൾക്കും, രോഗികളുടെ പരിചാരകർക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം, മിതമായ ചിലവിൽ ലഭ്യമാവുന്ന വിദഗ്ധ ചികിത്സ സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ മെഡിക്കൽ ഗൈഡൻസ് സെന്റർ, കുറഞ്ഞ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാർമസി തുടങ്ങിയ സേവനങ്ങളാണ് പീപ്പിൾസ് കെയർ സെൻറർ വഴി ലഭ്യമാക്കുക.
കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ഇ.എം സോമൻ, എത്തിക്കൽ മെഡിക്കൽ ഫോറം സംസ്ഥാന പ്രസിഡണ്ട് ഡോ. മുഹമ്മദ് ഇസ്മായിൽ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ആർ.കെ അബ്ദുൽ മജീദ്, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.