കെടിയുവിൽ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കം തടഞ്ഞ് ഗവർണർ; വിസി അറിയാതെ ഇറക്കിയ വിജ്ഞാപനം റദ്ദാക്കി

ദിവസവേതന ക്രമത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനാണ് രജിസ്ട്രാർ നേരിട്ട് വിജ്ഞാപനം പുറത്തിറക്കിയത്

Update: 2023-01-07 03:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ ജീവനക്കാരെ നിയമിക്കാൻ വിസി അറിയാതെ പുറത്തിറക്കിയ വിജ്ഞാപനം ഗവർണർ റദ്ദാക്കി. ദിവസവേതന ക്രമത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനാണ് രജിസ്ട്രാർ നേരിട്ട് വിജ്ഞാപനം പുറത്തിറക്കിയത്. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കാൻ വിസിക്ക് ഗവർണർ നിർദേശം നൽകി.

വിസിയായി സിസാ തോമസ് ചുമതലയേറ്റ് നാല് ദിവസങ്ങൾക്ക് ശേഷം നവംബർ എട്ടാം തിയതിയാണ് സർവകലാശാല ഈ വിജ്ഞാപനം പുറത്തിറക്കിയത്. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഓഫീസ് അറ്റൻഡന്‍റ്, ഡ്രൈവർ എന്നീ പോസ്റ്റുകളിലേക്കായിരുന്നു ജീവനക്കാരെ ആവശ്യം. എന്നാൽ തൊട്ടുപിന്നാലെ നോട്ടിഫിക്കേഷനെതിരെ യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഫെഡറേഷൻ രംഗത്തുവന്നു.

ഈ നടപടി ചട്ടവിരുദ്ധമാണെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയോ പിഎസ്‌സിയിലെ നിലവിലെ ലിസ്റ്റിൽ നിന്നുമോ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഗവർണർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ വിസി യോട് വിശദീകരണം ചോദിച്ചു. എന്നാൽ തൻ്റെ അറിവോ സമ്മതമോ കൂടാതെ രജിസ്ട്രാർ നേരിട്ട് വിജ്ഞാപനം പുറത്തിറക്കി എന്നായിരുന്നു വി സിയുടെ മറുപടി. തുടർന്നാണ് വിജ്ഞാപനം റദ്ദാക്കാൻ ഗവർണർ ഉത്തരവിട്ടത്. ചട്ടപ്രകാരമുള്ള നിയമനങ്ങൾ ഉറപ്പാക്കാനും രജിസ്ട്രാറുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കാനും ഗവർണർ വൈസ് ചാൻസർക്ക് നിർദ്ദേശം നൽകി. സർവകലാശാലയിൽ നിലവിൽ 52 സ്ഥിരം ജീവനക്കാരും 91 താൽക്കാലിക ജീവനക്കാരുമാണ് ഉള്ളത്. താൽക്കാലിക ജീവനക്കാരുടെ അതിപ്രസരം സർവകലാശാല ജോലികളെ സാരമായി ബാധിക്കുന്നു എന്ന പരാതി ഏറെ നാളുകളായി ഉയരുന്നുണ്ട്.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News