വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം;പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം
മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കും
തിരുവനന്തപുരം: തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കർശന നടപടിയെടുക്കാൻ തീരുമാനമായത്. മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കും. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും മൂന്നുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ആവശ്യപ്പെടും.
കൂടാതെ മാനേജ്‌മെന്റ് കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ കുടുംബത്തിന് വീടുവെച്ചു നൽകുമെന്നും തീരുമാനമായി. ഇളയകുട്ടിക്ക് 12ാം ക്ലാസുവരെ പരീക്ഷ ഫീസ് ഒഴിവാക്കുമെന്നും അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
സ്‌കൂൾ പിടിഎ പുനഃസംഘടിപ്പിക്കാനും തീരുമാനം. ഇതിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിലപാട് ആരായുമെന്നും വിഷയത്തിൽ എഇഒയോട് വിശദീകരണം തേടുമെന്നും യോഗതീരുമാനങ്ങൾ വിശദീകരിക്കവെ മന്ത്രി വ്യക്തമാക്കി. കൊല്ലം എഇഒ ആന്റണി പീറ്റർക്കായിരുന്നു ഡിഇഒ ചുമതല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡിഇഒ, എഇഒമാരുടെ അടിയന്തര യോഗം ഓൺലൈനിൽ ചേരും.
watch video: