കാലവർഷം നേരത്തെ എത്തി; കനത്ത മഴയിൽ മധ്യകേരളത്തിൽ മഴക്കെടുതി, ഒരു മരണം

മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Update: 2025-05-25 10:54 GMT

കൊച്ചി: കാലവർഷം നേരത്തെ എത്തിയതോടെ കേരളത്തിലാകെ മഴ കനക്കുകയാണ്. മധ്യകേരളത്തിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നു. ഇടുക്കിയിൽ മരം വീണ് പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇടുക്കി പാമ്പാടുംപാറയിലാണ് മരം വീണ് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്.

ഇടുക്കി രാജകുമാരിയിൽ വീടിന് മുകളിൽ മരം വീണു. ആളപായമില്ല. മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Advertising
Advertising

തൃശൂർ അഴീക്കോട് മുനക്കൽ ബീച്ചിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടടമാണുണ്ടായത്. കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചീനവലകൾ നശിക്കുകയും ചെയ്തു. ബീച്ചിൽ കച്ചവടം നടത്തുന്ന പത്ത് സ്ഥാപനങ്ങളുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു വീണു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടം ഒഴിവായി.

അഴീക്കോട് കടൽ ക്ഷോഭത്തെ തുടർന്ന് ഹാർബറിലേക്കു കയറ്റാൻ ശ്രമിച്ച ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളി വീണു. ഇയാളെ മറ്റുതൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. മുനമ്പം ഹാർബറിൽ മരം കടപുഴകി വീണ് അഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.

തൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി ഓടുന്ന ട്രെയിനിന് മുകളിൽ വീണു. ഷൊർണൂർ തൃശൂർ റൂട്ടിൽ ചെറുതുരുത്തി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഇലക്ട്രിക് ലൈൻ തകർന്നതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പുനഃസ്ഥാപിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News