മുണ്ടക്കൈയിൽ പ്രതിഷേധം; കുടിൽ കെട്ടി സമരം തടഞ്ഞ് പൊലീസ്

ജില്ലാ കളക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രതിഷേധക്കാർ അറിയിച്ചു

Update: 2025-02-23 07:52 GMT

വയനാട്: മുണ്ടക്കൈ - ചൂരൽമല പുനരധിവാസം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി ദുരന്തബാധിതർ. ചൂരൽമലയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ജനശബ്ദം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.

ദുരന്തബാധിതരെ കൈവിടില്ലെന്ന് സർക്കാർ വാഗ്ദാനം ഏഴുമാസം പിന്നിടുമ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രതിഷേധിക്കുകയാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. സർക്കാർ കണക്കിൽ നിന്ന് പുറത്തായത് മാത്രമല്ല പ്രതിഷേധത്തിന് കാരണം. 5 സെന്റ് ഭൂമി എന്ന സർക്കാർ പ്രഖ്യാപനം അംഗീകരിക്കില്ല, സർക്കാർ പദ്ധതിയിലെ വീട് വേണ്ടാത്തവർക്ക് പ്രഖ്യാപിച്ച തുക പര്യാപ്തമല്ല തുടങ്ങിയവയാണ് ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി ഉന്നയിക്കുന്നത്.

Advertising
Advertising

മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽ കുടിൽ കെട്ടി പ്രതിഷേധിക്കാനായിരുന്നു തീരുമാനം, ചൂരൽ മലയിൽ വെച്ച് പ്രതിഷേധം പൊലീസ് തടഞ്ഞു. ഉന്തും തള്ളമുണ്ടായി. ജില്ലാ കലക്ടറെ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കും, അനുകൂല നടപടി ഇല്ലെങ്കിൽ പ്രതിഷേധം തുടരാനും തീരുമാനിച്ചാണ് താൽക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. ദുരന്തബാധിതരുടെ മറ്റൊരു കൂട്ടായ്മയായ ജനകീയ ആക്ഷൻ കമ്മിറ്റി നാളെ കളക്ടറേറ്റിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

പത്താം വാർഡിൽ 42, പതിനൊന്നാം വാർഡിൽ 29, പന്ത്രണ്ടാം വാർഡിൽ 10,  അടക്കം 81 കുടുംബങ്ങളുൾപ്പെട്ട കരടു പട്ടികയാണ് സർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ചത്. ആദ്യം പ്രസിദ്ധീകരിച്ച 242 പേരുടെ പട്ടികയടക്കം ഗുണഭോക്തൃ ലിസ്റ്റ് 323 പേരിലൊതുങ്ങിയതോടെ പ്രതിഷേധവും സങ്കടവും അണപൊട്ടി. പ്രസിദ്ധീകരിച്ചത് കരട് ലിസ്റ്റ് ആണെന്നും മാർച്ച് 7 വരെ ആക്ഷേപങ്ങളുന്നയിക്കാൻ അവസരമുണ്ടെന്നുമുള്ള വിശദീകരണങ്ങളിൽ ഒതുങ്ങാത്ത അത്രയും ആക്ഷേപങ്ങളാണ് ദുരന്തബാധിതർ ഉയർത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ശരത്തിന്റെ കുടുംബത്തിനു പോലും ഇരു ലിസ്റ്റുകളിലും ഇടമുണ്ടായില്ല. ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് ഏഴുമാസമാകുമ്പോഴും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല എന്നതടക്കം ചൂണ്ടിക്കാട്ടി ദുരന്തബാധിതർ ഇന്ന് ദുരന്ത ഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ സർക്കാർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടിട്ടും സർക്കാർ പോലും തഴയുന്നുവെന്നും പ്രതിഷേധക്കാർ മീഡിയ വണ്ണിനോട് പറഞ്ഞു. ജില്ലാ കളക്ടർ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാതെ പിന്മാറില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

അതേസമയം, മുണ്ടക്കൈയിൽ കുടലുകെട്ടി സമരം ചെയ്യുന്നവർ കേന്ദ്രത്തിന്റെ നിലപാടിനെ കുറിച്ച് മിണ്ടുന്നില്ലെന്ന് സിപിഎം നേതാവ് സി.കെ ശശീന്ദ്രൻ പറഞ്ഞു. ഡൽഹിയിൽ എൽഡിഎഫ് സമരം പ്രഖ്യാപിച്ചപ്പോൾ തന്നെ അവിടെ സമരം ചെയ്യുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുമല്ലോ. ഏത് പട്ടിക പ്രഖ്യാപിച്ചാലും ജനാധിപത്യപരമായി ആക്ഷേപം ഉന്നയിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും സി.കെ ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.

വാർത്ത കാണാം:

Full View

 

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News