Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
കൊച്ചി: ഹാൽ സിനിമയിൽ മാറ്റങ്ങൾ വേണമെന്ന സെൻസർ ബോർഡ് ആവശ്യത്തിനെതിരെ ഹൈക്കോടതി. ഷ്ടാനുസരണം സിനിമക്ക് നേരെ അധികാരം പ്രയോഗിക്കാൻ സെൻസർ ബോർഡിന് കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുമില്ല. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും *എ* സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ലെന്നും കോടതി ഉത്തരവിൽ. സിനിമയ്ക്ക് ഏത് സർട്ടിഫിക്കറ്റ് നൽകണമെന്നത് സെൻസർ ബോർഡിൽ നിക്ഷിപ്തമാണ്. വ്യത്യസ്ത കാറ്റഗറിയിൽ സർട്ടിഫിക്കറ്റ് നൽകാം. റിലീസിന് അനുമതി നിഷേധിക്കുക പോലും ചെയ്യാം. പക്ഷേ, ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മതേതര ലോകത്തിൻറെ സന്ദേശം അവതരിപ്പിക്കാൻ സിനിമ ശ്രമിക്കുന്നുവെന്നും മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നുവെന്നും കോടതി പറഞ്ഞു.
സെൻസർ ബോർഡ് നിർദേശിച്ച നിരവധി മാറ്റങ്ങൾ ഹൈക്കോടതി ശരിവെച്ചു. ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, രാഖി ദൃശ്യം മറയ്ക്കണം തുടങ്ങി സെൻസർ ബോർഡ് നിർദേശിച്ച നിരവധി മാറ്റങ്ങളാണ് ഹൈക്കോടതി ശരിവെച്ചത്.