ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി

ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി

Update: 2024-04-14 01:29 GMT

കൊല്ലം: ചിതറയിൽ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് (24) തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ ശ്രീവിദ്യയെ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായുള്ള ഇവരുടെ വിവാഹം.

മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ശ്രീവിദ്യ ജിതിന് വാട്സ്ആപ്പ് സന്ദേശം അയച്ചു. തുടർന്ന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും അയച്ചു.

Advertising
Advertising

ജിതിൻ ഫോണിൽ വിളിച്ചിട്ട് ശ്രീവിദ്യ ഫോൺ എടുത്തില്ല. വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസ്സുള്ള കുഞ്ഞുണ്ട്.

ശ്രീവിദ്യയുടെയും ജിതിന്റെയും മെബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീവിദ്യ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നാണ് ജിതിൻ പൊലീസിന് നൽകിയ മൊഴി. ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News