'യുഡിഎഫുമായി അസംതൃപ്തിയൊന്നുമില്ല'; വാർത്തകൾ തള്ളി മുസ്‌ലിം ലീഗ്
നിലമ്പൂരിൽ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്ന് പിഎംഎ സലാം
മലപ്പുറം: യുഡിഎഫുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗിന് അസംതൃപ്തിയൊന്നുമില്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പി.വി അൻവർ ഇഫക്ടുണ്ടാകില്ലെന്നും എല്‍ഡിഎഫ്-യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്നും പിഎംഎ സലാം മീഡിയവണിനോട് പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു പോലെതന്നെ ഭരണവിരുദ്ധ തരംഗം ഇവിടെയുണ്ട്.യുഡിഎഫ് മണ്ഡലമാണ് ഇത്.അത് മുഴുവന് വോട്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.മറ്റൊന്നും ഞങ്ങളെ ബാധിക്കുകയോ പരമാര്‍ശിക്കുകയോ ചെയ്യുന്നില്ല.യുഡിഎഫ് നേരത്തെ ഒറ്റക്കെട്ടാണ്. പിഎംഎ സലാം പറഞ്ഞു.
ലീഗ് നേതൃയോഗത്തിൽ എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ വി.ഡി സതീശനെ വിമർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പി.വി അൻവറിനെ യുഡിഎഫിനൊപ്പം കൂട്ടണമായിരുന്നു എന്ന് നേതാക്കൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. വിമർശനങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടിയും ശരിവെച്ചു. എന്നാൽ ഇത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് പി.കെ കുഞ്ഞാലിക്കുട്ടി പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.
ലീഗ് നേതൃയോഗത്തിൽ വി.ഡി സതീശനെതിരെ വിമർശനമുണ്ടായെന്ന വാർത്ത തള്ളാതെ എം.കെ മുനീര്‍ രംഗത്തെത്തിയിരുന്നു. യോഗത്തിൽ വിമർശനമുണ്ടോയോ എന്നത് പുറത്ത് പറയാൻ പറ്റില്ല. യുഡിഎഫ് എടുക്കുന്ന തീരുമാനത്തിന്റെ കൂടെയാണ് മുസ്‌ലിം ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി.