എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ട്
‘ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം’
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. പെട്രോൾ പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമാണ്. ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കണ്ണൂർ വിഷൻ ചാനൽ പ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടറുടെ മൊഴിയിലുമുണ്ട്. നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബുവിന് എതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസും അറിയിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.