തിരുവനന്തപുരം ആര്‍ക്കൊപ്പം?;ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും യുഡിഎഫും, ബിജെപിക്ക് ആശങ്കയായി വോട്ടിങ് ശതമാനം
ഇത്തവണത്തെ കോൺഗ്രസിന്റെ സജീവ സാന്നിധ്യം ബിജെപി വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കും എന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നിലവിലെ ആധിപത്യം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.കോർപ്പറേഷനിലും വർക്കല നഗരസഭയിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ് വോട്ടിങ് ശതമാനം. എന്നാൽ ജില്ലയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ജില്ലയിൽ മുന്നണികളെ ആശങ്കയിലാക്കുന്നതാണ് കോർപ്പറേഷനിലെ വോട്ടിങ് ശതമാനം.
ത്രികോണ മത്സരം പ്രതീക്ഷിച്ച കോർപ്പറേഷനിൽ വോട്ടിംഗ് ശതമാനത്തിൽ അതിനനുസരിച്ച് മാറ്റമില്ല. എന്നാൽ കെ.എസ് ശബരിനാഥൻ മത്സരിച്ച വാർഡുകളിൽ അടക്കം പോളിങ് ശതമാനത്തിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞതവണ കൈവിട്ടുപോയ ഭൂരിപക്ഷവോട്ടുകൾ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇത്തവണത്തെ കോൺഗ്രസിന്റെ സജീവ സാന്നിധ്യം ബിജെപി വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കും എന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.
എൽഡിഎഫിനെ മറികടക്കടക്കാൻ തലസ്ഥാനത്ത് തന്ത്രങ്ങൾ മെനഞ്ഞ ബിജെപിക്ക് പ്രതീക്ഷ നൽകുന്നതല്ല നിലവിലെ പോളിങ് ശതമാനം.. എന്നാൽ രാജീവ് ചന്ദ്രശേഖർ നേരിട്ടിറങ്ങി നടത്തിയ പ്രചാരണം ഗുണം ചെയ്തു എന്നാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ . കടുത്ത വിഭാഗീയതയും നേതാക്കളുടെ ആത്മഹത്യ അടക്കമുള്ള വിവാദങ്ങളെയും മറികടന്ന് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമോ എന്നതും ചോദ്യചിഹ്നമാണ്. കോർപ്പറേഷനിൽ അടക്കം തിരിച്ചടി ഉണ്ടായാൽ പാർട്ടിയിലെ വിഭാഗീയത കൂടുതൽ ശക്തമാകും.
വർക്കല നഗരസഭയിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് കഴിഞ്ഞതവണ ബിജെപിക്ക് ഭരണം നഷ്ടമായത് . ഇത്തവണ വർക്കല പിടിക്കാൻ കഴിയുമെന്നും ബിജെപി കണക്കു കൂട്ടുന്നു.. ജില്ലയിലെ നഗരസഭകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഭരണവിരുദ്ധ വികാരം ഉയർത്തി മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.. തദ്ദേശത്തിൽ തങ്ങൾക്ക് അനുകൂലമായി നിലനിൽക്കുന്ന വികാരത്തിൽ മാറ്റം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.