യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ്-യുക്രൈൻ ഉന്നതതല ചർച്ച ചൊവ്വാഴ്ച സൗദിയിൽ; വ്ളാദിമിർ സെലൻസ്കി പങ്കെടുത്തേക്കും
ഇന്ന് യുക്രൈനിലുടനീളം റഷ്യ ആക്രമണം നടത്തി
കീവ്: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ്-യുക്രൈൻ ഉന്നതതല ചർച്ച ചൊവ്വാഴ്ച സൗദിയിൽ. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയും പങ്കെടുത്തേക്കും. യുക്രൈനിലുടനീളം റഷ്യ ഇന്ന് മിസൈലാക്രമണം നടത്തി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കിയും വൈറ്റ് ഹൗസിൽ ഏറ്റുമുട്ടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് യു.എസ്-യുക്രൈൻ ചർച്ച സൗദിയിൽ അരങ്ങേറുന്നത്. യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിനുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി യുക്രൈൻ നേതാക്കളെ കാണുമെന്ന് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
തിങ്കളാഴ്ചയാകും യു.എസ് നേതാക്കൾ സൗദി അറേബ്യയിലേക്ക് എത്തുക. ചൊവ്വാഴ്ച സെലൻസ്കിയും സൗദിയിലെത്തിയേക്കും. രണ്ടാഴ്ച മുൻപ് റഷ്യൻ നേതാക്കളുമായി സൗദിയിൽ വെച്ചു തന്നെ അമേരിക്കൻ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ അറിയിക്കുകയും ചെയ്തു.
അതേ സമയം, ഇന്ന് യുക്രൈനിലുടനീളം റഷ്യ ആക്രമണം നടത്തി. യുക്രൈന്റെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. ആക്രമണത്തിൽ രണ്ടു പേർ മരിക്കുകയും, കുട്ടികൾ ഉൾപ്പെടെ 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.