'സാധാരണ തോർത്തുമായി ഇറങ്ങാറുള്ളതാണ്, കന്യാസ്ത്രീകളുടെ വിഷയം ഉണ്ടായതിനു ശേഷം ഒളിവിലാണ് '; സുരേഷ് ഗോപിയെ പരിഹസിച്ച് വി.ശിവൻകുട്ടി
കൊല്ലത്ത് ഒരു കുട്ടി രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനായി സുരക്ഷാ മിത്രം എന്ന പുതിയ കർമ പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി. എവിടെ അതിക്രമം ഉണ്ടായാലും അവിടേക്ക് എത്തുന്ന ആളാണ് സുരേഷ് ഗോപി. സാധാരണ തോർത്തുമായി ഇറങ്ങാറുള്ളതാണ്. കന്യാസ്ത്രീകളുടെ വിഷയം ഉണ്ടായതിനുശേഷം സുരേഷ് ഗോപി ഒളിവിലാണെന്നുമാണ് മന്ത്രി പരിഹസിച്ചത്. കൊല്ലത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പരിഹാസം.
കൊല്ലത്ത് രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തിനിരയായ കുട്ടിയെ മന്ത്രി സന്ദർശിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും വേണ്ട എല്ലാ സഹായവും സർക്കാർ ഉറപ്പു നൽകുന്നുെന്നും മന്ത്രി വ്യക്തമാക്കി. സമാന സാഹചര്യം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താൻ ശക്തമായ ഇടപെടൽ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇത്തരം സാഹചര്യത്തിൽ നിന്ന വരുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്നും കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി തദ്ദേശ വകുപ്പ് ഫോളോഅപ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനായി സുരക്ഷാ മിത്രം എന്ന പുതിയ കർമ പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതിനായി സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ് ബോക്‌സ് വെക്കും. പ്രഥമ അധ്യാപകന്റെ മുറിയിൽ ആയിരിക്കും ബോക്‌സ് വെക്കുന്നത്. കുട്ടികൾക്ക് പേര് ഇല്ലാതെയും പരാതി അറിയിക്കാമെന്നും ആഴ്ചയിൽ ഒരിക്കൽ ബോക്‌സ് തുറന്ന് പരാതികൾ വായിച്ച് പരിഹാരം കണ്ടെത്തുകയോ, വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് തീരുമാനം.
ജില്ലാ അടിസ്ഥാനത്തിൽ സ്‌കൂൾ കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർക്കും. കൗൺസിലിംഗ് സമയത്ത് കേട്ട അനുഭവങ്ങൾ നേരിട്ട് കേട്ട് അറിയും. ഗൗരവമുള്ള വിഷയങ്ങൾ കുട്ടികൾ പറയുമ്പോൾ അപൂർവം അധ്യാപകർ എങ്കിലും നിസാരമായി കാണുന്നു. അത്തരത്തിലുള്ള സംഭവങ്ങൾ കണ്ടെത്തിയാൽ കർശനമായ നിലപാട് എടുക്കുമെന്നും പരാതികൾ വേണമെങ്കിൽ നേരിട്ട് കേൾക്കുമെന്നും മന്ത്രി വ്യക്തമാക്കി.