വടക്കാഞ്ചേരി ലൈഫ് മിഷന്‍: മുഖ്യമന്ത്രി ധാരണാപത്രം അട്ടിമറിച്ചെന്ന ആരോപണത്തിന് വിരുദ്ധമായി സ്വപ്നയുടെ മൊഴി

പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനുള്ള ധാരണാപത്രം തൊട്ടടുത്ത ദിവസം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ മാറ്റിയെന്ന് സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു

Update: 2023-06-28 01:19 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മുഖ്യമന്ത്രി ഇടപെട്ട് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ധാരണാപത്രം അട്ടിമറിച്ചെന്ന സ്വന്തം ആരോപണത്തിന് വിരുദ്ധമായി സ്വപ്നയുടെ തന്നെ മൊഴി. ലൈഫ് മിഷന്‍ കേസില്‍ ‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ പരസ്പരവിരുദ്ധമായ മൊഴികള്‍. ധാരണാപത്രം ഒപ്പിട്ടതിനുശേഷം ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്ന് പദ്ധതി റെഡ് ക്രസന്‍റ് നേരിട്ട് നടത്തുന്ന വിധത്തിലാക്കിയത് കമ്മീഷന്‍ കൈക്കലാക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. എന്നാല്‍, ഇതിനോട് ചേരുന്നതല്ല, കുറ്റപത്രത്തില്‍ മറ്റൊരിടത്ത് ശിവശങ്കറിനെതിരേ സ്വപ്ന നല്‍കിയ മൊഴി.

ലൈഫ് മിഷനും റെഡ് ക്രസന്‍റും തമ്മില്‍ 2019 ജൂലൈ 11ന് ഒപ്പിട്ട ധാരണാപത്രത്തില്‍ പറയുന്നത് വടക്കാഞ്ചേരി പദ്ധതിയുടെ നിര്‍വഹണം ആര് പൂര്‍ത്തിയാക്കുമെന്നാണ്? സ്വപ്ന ഇ.ഡിക്ക് നല്‍കിയ മറുപടി പ്രകാരമെങ്കില്‍ ഈ ചോദ്യത്തിന് കിട്ടുന്ന ഉത്തരം ഇങ്ങനെയാണ്:

''പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനായിരുന്നു ധാരണാപത്രം. എന്നാല്‍, തൊട്ടടുത്ത ദിവസം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം. ശിവശങ്കര്‍, സ്വപ്ന എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഈ തീരുമാനം മാറ്റി. പകരം റെഡ് ക്രസന്‍റ് പൂര്‍ത്തിയാക്കി കൈമാറുന്ന വിധത്തിലാക്കി.''

സര്‍ക്കാരിന്‍റെ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് പോയാല്‍ അഴിമതി നടക്കില്ലെന്ന് കണ്ടാണ് തീരുമാനം മാറ്റിയതെന്നാണ് സ്വപ്നയുടെ മൊഴി. എന്നാല്‍, കുറ്റപത്രത്തിന്‍റെ 128-ാം പേജില്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം ഇ.ഡി ഉദ്ധരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറിവിലേക്കായി റെഡ് ക്രസന്‍റ് എഴുതിയ കത്താണിത്. ഇതുപ്രകാരം പദ്ധതി റെഡ് ക്രസന്‍റ് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന് ഉറപ്പുകൊടുക്കുന്നത്.

ജൂലൈ ഒന്‍പതിനു നല്‍കിയ ഈ കത്തുപ്രകാരമാണ് രണ്ടുദിവസത്തിനുശേഷം ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ചോദ്യംചെയ്യലില്‍ സ്വപ്ന ഇത് അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ധാരണാപത്രത്തില്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നെന്ന സ്വപ്നയുടെ വാദം അവരുടെ മൊഴിയിലൂടെ തന്നെ റദ്ദായിപ്പോവുകയാണ്.

Summary: Swapna Suresh's statement contradicts her own allegation that the CM Pinarayi Vijayan intervened and sabotaged the Vadakkanchery Life Mission Memorandum of Understanding

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News