25 കൊല്ലത്തെ എൽഡിഎഫ് കുത്തക തകർത്ത് മുട്ടടയില്‍ വൈഷ്ണ സുരേഷിന് അട്ടിമറി വിജയം
25 വർഷമായി എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വാർഡ് പിടിച്ചെടുത്തതിൽ സന്തോഷമെന്ന് വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. 397 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വൈഷ്ണ സുരേഷ് മുട്ടടയിൽ മിന്നും വിജയം സ്വന്തമാക്കിയത്.
25 വർഷമായി എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന വാർഡാണ് മുട്ടട.ഇവിടെ വിജയം സ്വന്തമാക്കിയതിൽ ഏറെ സന്തോഷമെന്ന് വൈഷ്ണ സുരേഷ് മീഡിയവണിനോട് പറഞ്ഞു. 'ഇത്രയും വലിയ ലീഡിന് വിജയച്ചതിൽ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇപ്പോൾ കൂടെ നിന്നതു പോലെ ഇനിയും കൂടെയുണ്ടാകണം. വോട്ട് ചെയ്യാൻ വന്ന പലർക്കും വോട്ടില്ലായിരുന്നുവെന്നും' വൈഷ്ണ പറഞ്ഞു.സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ നിന്ന് അഡ്വ.അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ എൽ.വി അജിത് കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി,
നേരത്തെ സിപിഎം പ്രവർത്തകന്റെ പരാതിക്ക് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് വെട്ടിയിരുന്നു. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. വൈഷ്ണയെ സപ്ലിമെന്റെറി വോട്ടർ പട്ടികയിലാണ് പേര് ഉൾപ്പെടുത്തിയത്. വൈഷ്ണയുടെ ഹരജിയിൽ ഹൈക്കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷൻ ഹിയറിങ്ങിന് വിളിച്ചതും തുടർന്ന് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതും. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്ന് കമ്മീഷൻ ഒഴിവാക്കിയത്.
എന്നാൽ, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാൻ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെൺകുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.