വള്ളികുന്നം അഭിമന്യു വധക്കേസ്; ഏഴ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

പത്താംക്ലാസ് വിദ്യാർഥിയായിരുന്ന അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് എഴുതിയ നാലു പരീക്ഷകളിലും മികച്ച വിജയമാണ് നേടിയത്.

Update: 2021-07-15 08:46 GMT

ആലപ്പുഴ വള്ളികുന്നത്ത് പത്താംക്ലാസ് വിദ്യാർത്ഥി ആയിരുന്ന അഭിമന്യുവിനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തികൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡി.വൈ.എഫ്.ഐ അനുഭാവിയായിരുന്ന അഭിമന്യുവിനെ മുൻവൈരാഗ്യം മൂലം കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

സജയ് ജിത്ത്, ജിഷ്ണു തമ്പി, അരുൺ അച്യുതൻ, ആകാശ്, പ്രണവ്, ഉണ്ണികൃഷ്ണൻ, അരുൺ വരിക്കോലി എന്നിങ്ങനെ ഏഴു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. ഇതില്‍ അരുൺ വരിക്കോലിയെ ഒഴികെ ബാക്കിയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ 14ന് വള്ളികുന്നം പടയണിവെട്ടം ക്ഷേത്ര പരിസരത്ത് വെച്ചായിരുന്നു സംഭവം. 

Advertising
Advertising

അഭിമന്യുവിന്റെ സഹോദരൻ അനന്തുവുമായും പ്രതികൾക്ക് വൈരാഗ്യമുണ്ടായിരുന്നു. അനന്തുവിനെ തേടിയെത്തിയ ഇവർ അഭിമന്യുവിനെ കുത്തി വീഴ്‌ത്തിയെന്നാണ് കണ്ടെത്തൽ. 262 പേജുള്ള കുറ്റപത്രമാണ് കായംകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ചത്.

അതേസമയം, അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് എഴുതിയ നാല് പരീക്ഷകളിലും മികച്ച വിജയമാണ് നേടിയത്. ഐടിക്ക് എ പ്ലസ്, ഇംഗ്ലീഷിന് എ, മലയാളത്തിന് ബി, ഹിന്ദിക്ക് സി പ്ലസ് എന്നിങ്ങനെ ആണ് ഫലം. എസ്.എസ്.എല്‍.സി പരീക്ഷ ഫലം വന്ന അതേദിവസം തന്നെയാണ് കേസില്‍ കുറ്റപത്രവും സമർപ്പിച്ചത്. അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് കാശിനാഥും മികച്ച വിജയം നേടി. കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് കാശിനാഥ് ആറു പരീക്ഷകൾ എഴുതിയത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News