'ചങ്കുപൊട്ടിയെടുക്കുന്ന തീരുമാനങ്ങളുണ്ട്, പ്രസ്ഥാനത്തിന് ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കില്ല': വി.ഡി സതീശൻ
രാഹുലിനെതിരെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത തീരുമാനമാണ് എടുത്തതെന്നും പ്രതിപക്ഷ നേതാവ്
തൃശൂർ: ചില തീരുമാനങ്ങൾ ചങ്കുപൊട്ടിയെടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രസ്ഥാനത്തിന് ഒരു പോറൽ പോലും ഏൽക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മീഡിയവണിൻ്റെ ബാലറ്റ് റൈഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാഹുലിനെതിരെ നടപടിയെടുത്തതോടെ സിപിഎം വാരിക്കുഴിയിൽ വീണു. സ്ത്രീകൾ നൽകിയ പരാതികൾ എകെജി സെന്ററിൽ മാറാല പിടിച്ചു കിടക്കുന്നു. രാഹുലിനെതിരെ ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിയും എടുക്കാത്ത തീരുമാനമാണ് എടുത്തത്. പരാതി വന്നയുടനെ ഡിജിപിക്ക് കൈമാറി. അതാണ് സിപിഎമ്മും കോൺഗ്രസുമായുള്ള വിത്യാസം'- വി.ഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫ് ഉജ്ജ്വലമായി തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ്. സർക്കാരിനെ ജനങ്ങൾ വെറുത്തു. നാല് റൗണ്ട് പ്രവർത്തനം നടത്തി. ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട സെറ്റ് ചെയ്തത് പ്രതിപക്ഷമാണ്. ജനങ്ങൾ കോടതിയാകും, സർക്കാറിനെ വിചാരണ ചെയ്യും. ശബരമല വിഷയം ചർച്ചയാകും. കേരളം ഇതുവരെ കാണാത്ത വലിയ കടക്കെണിയിൽപ്പെടുത്തി. യുഡിഎഫ് കുറ്റപത്രത്തിൽ ഇതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.