'കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയന്‍': വി.ഡി സതീശൻ

തോറ്റിട്ടും സിപിഎം ജനങ്ങളോട് പെരുമാറുന്നത് അപമര്യാദയോടെയെന്നും പ്രതിപക്ഷ നേതാവ് മീഡിയവണിനോട് പറഞ്ഞു

Update: 2025-12-13 13:35 GMT

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാരനില്‍ നിന്ന് ബൂര്‍ഷ്വാസിയിലേക്കുള്ള യാത്രയിലാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയ പ്രീണനമായിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ കാണിച്ച വര്‍ഗീയതയാണ് അവരെ തോല്‍വിയിലേക്ക് നയിച്ചത്. തോറ്റിട്ടും സിപിഎം ജനങ്ങളോട് പെരുമാറുന്നത് അപമര്യാദയോടെയെന്നും പ്രതിപക്ഷ നേതാവ് മീഡിയവണിനോട് പറഞ്ഞു.

'എല്ലാവര്‍ക്കും കൃത്യമായ ഉത്തരവാദിത്തം വീതിച്ചുനല്‍കിയിരുന്നു. ടീം യുഡിഎഫ് ഒത്തൊരുമിച്ചത് തന്നെയാണ് വിജയത്തിന്റെ പിന്നിലെ പ്രധാനഘടകം. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഞങ്ങളുടെ കൂടെയില്ലാതിരുന്ന ഇടതുസഹയാത്രികര്‍ ഇത്തവണ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് കരുതുന്നത്'. സതീശന്‍ പറഞ്ഞു.

Advertising
Advertising

എല്ലാവര്‍ക്കും കൃത്യമായ ഉത്തരവാദിത്തം വീതിച്ചുനല്‍കിയിരുന്നു. ടീം യുഡിഎഫ് ഒത്തൊരുമിച്ചത് തന്നെയാണ് വിജയത്തിന്റെ പിന്നിലെ പ്രധാനഘടകം. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഞങ്ങളുടെ കൂടെയില്ലാതിരുന്ന ഇടതുസഹയാത്രികര്‍ ഇത്തവണ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരിക്കുമെന്നും എൻഡിഎയിൽ നിന്നടക്കമുള്ള പാർട്ടികൾ അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

'മുനമ്പം വിഷയം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനുള്ള ബിജെപി ശ്രമം സമുദായസംഘടനകളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് ഞങ്ങള്‍ പരിഹരിച്ചത്. സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സിപിഎമ്മും ബിജെപിയും ഏര്‍പ്പെടുമ്പോള്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ് തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആരുമായിട്ട് ചര്‍ച്ച നടത്തണമെന്നത് യുഡിഎഫിന്റെ തീരുമാനമാണ്. എന്തുതന്നെയായാലും നിലവിലുള്ള യുഡിഎഫിനേക്കാള്‍ ശക്തമായ യുഡിഎഫിനെയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്.'

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി പാർട്ടിയുടെ പ്രകടനത്തെ എങ്ങനെ ബാധിച്ചെന്ന ചോദ്യത്തിന് കോൺഗ്രസ് നേതാക്കളുടെ ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമായിരുന്നുവെന്നാണ് സതീശന്‍റെ മറുപടി. രാഹുൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് ജനം സ്വീകരിച്ചതിന്‍റെ തെളിവ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അത്തരം തീരുമാനങ്ങൾ ഒരു കാരണവശാലും അഴകൊഴമ്പനായിരിക്കില്ല. ആ നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കില്ല. സോഷ്യൽമീഡിയയിൽ ബഹളം വെച്ചതുകൊണ്ട് പാർട്ടിയുടെ നിലപാടിൽ വെള്ളം ചേർക്കില്ല. അദ്ദേഹം പ്രതികരിച്ചു. 

'യുഡിഎഫ് പാര്‍ട്ടികകത്ത് ഒരു തരത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകില്ല. കോണ്‍ഗ്രസിനകത്ത് എല്ലാവര്‍ക്കും അഭിപ്രായപ്രകടനം നടത്താനുള്ള സാധ്യതയുള്ളതിനാലാണ് ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ തയ്യാറാക്കിയ കടലാസിലുള്ളത് കൂട്ടിവായിച്ച് ഇതാണ് തീരുമാനമെന്ന് പിണറായി പറയുന്ന പോലെയല്ല ഞങ്ങളുടെ പാര്‍ട്ടി. അവിടെയെല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. സതീശന്‍ പോയി അതുപോലെ ചെയ്താല്‍ ചെറിയ കുട്ടികള്‍ പോലും എതിര്‍ത്തെന്ന് വരാം. എല്ലാത്തിനും വിധേയപ്പെടുന്ന സിപിഎം പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അവിടെയാണ്.' സതീശന്‍ വ്യക്തമാക്കി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News