'അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്ക്രിയം,വിഷയം നിയമസഭയില്‍ ഉന്നയിക്കും'; വി.ഡി സതീശന്‍
അമീബിക് മസ്തിഷ്‌കജ്വര മരണത്തില്‍ ജനങ്ങളോട് സത്യം പറയണമെന്നും കണക്കിൽ ഭയന്ന് കള്ളത്തരം കാണിക്കുന്നത് ആരോഗ്യരംഗത്തിന് ഭൂഷണമല്ലെന്നും ഡോ.എസ്.എസ് ലാൽ
കോഴിക്കോട്:സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സർക്കാരിന് എങ്ങനെ നിസംഗമായിരിക്കാൻ കഴിയുമെന്നും സതീശന്‍ ചോദിച്ചു. മീഡിയവൺ ലൈവത്തോണിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും വി.ഡി സതീശൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, അമീബിക് മസ്തിഷ്‌കജ്വര മരണത്തില്‍ സര്‍ക്കാര്‍ ജനങ്ങളോട് സത്യം പറയണമെന്ന് ഡോ.എസ്.എസ് ലാൽ പറഞ്ഞു. കണക്കിൽ ഭയന്ന് കള്ളത്തരം കാണിക്കുന്നത് ആരോഗ്യരംഗത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം മീഡിയവണ്‍ ലൈവത്തോണില്‍ പറഞ്ഞു.
അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ ഭേദമാകാൻ സാധ്യത കൂടുതൽ ആണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. കാലാവസ്ഥ വ്യതിയാനം മൂലമുള്ള സ്വാഭാവിക മാറ്റങ്ങളാണ് അമീബയുടെ സാന്നിധ്യം വർധിച്ചതിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പരിശോധന വർധിപ്പിച്ചത് കൂടുതൽ കേസുകൾ സ്ഥിരീകരിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ഡോ.അബ്ദുൽ റഊഫ് പറയുന്നു. ഡോ. അബ്ദുൽ റഊഫിന്റെ നേതൃത്വത്തിലുള്ള സംഘം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഏഴു പേരെ ചികിത്സിച്ചതിൽ അഞ്ച് പേർക്കും രോഗം ഭേദമായിട്ടുണ്ട്.