യുവ നടിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: 'പ്രസ്താവന തിരുത്താൻ ആരുടേയും ഉപദേശം ആവശ്യമില്ല'; സതീശന് മറുപടിയുമായി വി.കെ ശ്രീകണ്ഠൻ എംപി
'സമൂഹത്തിൽ മോശം സന്ദേശം നൽകുമെന്ന് സ്വയം തോന്നിയതിനാലാണ് തിരുത്തിയത്'
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി വി.കെ ശ്രീകണ്ഠൻ എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച യുവതിക്കെതിരായ പരാമർശം പിൻവലിച്ചത് ആരും പറഞ്ഞിട്ടില്ല.സമൂഹത്തിൽ മോശം സന്ദേശം നൽകുമെന്ന് സ്വയം തോന്നിയതിനാലാണ് തിരുത്തിയത്. അതിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. തന്റെ നിർദേശ പ്രകാരമാണ് അധിക്ഷേപ പരാമർശം ശ്രീകണ്ഠൻ പിൻവലിച്ചതെന്നാണ് വി.ഡി സതീശൻ പറഞ്ഞിരുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരായുള്ള പരാതികൾ ഗൗരവത്തിൽ തന്നെ അന്വേഷിക്കുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. അന്വേഷണ കമ്മീഷൻ ഗുരുതരമായ പിഴവ് കണ്ടെത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. പരാതികളില്ലാതെ തന്നെ ആരോപണങ്ങളിൽ നടപടി എടുത്തിരുന്നെന്നും ശ്രീകണ്ഠൻ പറഞ്ഞു.
ഭരണ കക്ഷി നേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു ശ്രീകണ്ഠന്റെ പരാമർശം. വിവാദമായതോടെ പരാമർശം പിൻവലിക്കുന്നതായി ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. പരാതി പറയുന്നവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നും ഒരിക്കലും പുരുഷനെയോ വനിതയോ അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്ന ശൈലി തനിക്കില്ലെന്ന് ശ്രീകണ്ഠൻ പറഞ്ഞിരുന്നു.