സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഇനി ഡാമൊന്നും തുറന്നുവിടരുത്- പരിഹാസവുമായി വി.ടി ബൽറാം

' ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണ്'

Update: 2022-07-06 15:47 GMT
Editor : Nidhin | By : Web Desk
Advertising

ഭരണഘടന നിന്ദാ പ്രസംഗത്തെ തുടർന്ന് മന്ത്രിപദം രാജിവെച്ച സജി ചെറിയാനെ തിരികെ കൊണ്ടുവരാൻ ഡാമൊന്നും തുറന്നുവിടരുത് എന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

' ബന്ധു നിയമനം കയ്യോടെ പിടികൂടിയപ്പോൾ ഒന്നാം പിണറായി സർക്കാരിൽ നിന്ന് നാണം കെട്ട് രാജി വയ്‌ക്കേണ്ടിവന്ന ജയരാജൻ പിന്നീട് വീണ്ടും മന്ത്രിയായത് നാട് വലിയൊരു മനുഷ്യ നിർമ്മിത പ്രളയത്തെ അഭിമുഖീകരിക്കുന്നതിന്റെ ഇടയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

' ഇന്ന് നാണം കെട്ട് രാജിവച്ച് പുറത്തുപോവുന്ന സജി ചെറിയാനെ ചുളുവിൽ തിരിച്ചു കൊണ്ടുവരുന്നതിനായി ഇനി വീണ്ടും ഡാമൊന്നും തുറന്നുവിടരുതെന്ന് ബന്ധപ്പെട്ടവരോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.'- ഇതായിരുന്നു വി.ടി ബൽറാമിന്റെ പരിഹാസം.

മന്ത്രിസ്ഥാനം രാജി വെക്കാനുള്ള തീരുമാനം തന്റെ സ്വതന്ത്ര തീരുമാനമെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയോട് താൻ അങ്ങോട്ട് രാജിസന്നദ്ധത അറിയിച്ചിതാണെന്നും അദ്ദേഹം രാജിപ്രഖ്യാപന വേളയിൽ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും ഭരണാഘടനയെ അവഹേളിച്ചിട്ടില്ലെന്നും തൻറെ ശൈലിയിലാണ് അന്ന് പ്രസംഗിച്ചിതെന്നും പറഞ്ഞ അദ്ദേഹം പരാമർശത്തിൽ ഖേദമോ പരാമർശം തിരുത്തുകയോ ചെയ്തിട്ടില്ല.

രാജിപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ ജൂലൈ 3, 2022-ന് സിപിഎമ്മിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോൾ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വാർത്തകൾ വരികയാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ.

ഞാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികൾക്കെതിരായി അതിശക്തമായ പ്രതിരോധം തീർക്കാനുള്ള പ്രയത്നത്തിലാണ്. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ മതനിരപേക്ഷ-ജനാധിപത്യ-ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്നത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സുചിന്തിതമായ അഭിപ്രായമാണ് സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എനിക്കുള്ളത്.

ഈ വിമർശനം ഉന്നയിച്ചപ്പോൾ ഞാൻ എൻറേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കൽ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാൻ കരുതിയില്ല. അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയിൽ തന്നെ വ്യക്തമാക്കിയതാണ്.

എന്നിരിക്കിലും ഞാൻ പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂർ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തി മാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. ഇത് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സർക്കാരും ഉയർത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താൻ എന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. ഞാൻ ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല.

എന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാൻ മനസ്സിലാക്കുന്നു. ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.

അതിനാൽ ഞാൻ എന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് എന്റെ പ്രസ്ഥാനം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞാൻ തുടർന്നും സജീവമായി ഉണ്ടായിരിക്കും എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.

രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന- ഇങ്ങനെ പോകുന്നു സജി ചെറിയാന്റെ വാക്കുകൾ. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News