വാട്ട്‌സാപ്പ് ചോർച്ച; സമഗ്ര അന്വേഷണം നടത്താതെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം

109 പേരുള്ള ഗ്രൂപ്പിൽ നിന്ന് ആര് ചോർത്തിയെന്ന് അറിയാൻ നേത്യത്വത്തിനും വലിയ താൽപര്യമില്ല

Update: 2022-07-29 01:30 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കെ.എസ് ശബരീനാഥനെ കേസിൽപ്പെടുത്തിയ വാട്ട്‌സാപ്പ് ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്താതെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. ശബരിനാഥനും ഇതുവരെ നേതൃത്വത്തിനോ പൊലീസിനോ പരാതി നൽകിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയ രണ്ട് പേരെ ദേശീയ നേതൃത്വം സസ്‌പെൻഡ് ചെയ്തതോടെ എല്ലാം അവസാനിച്ചുവെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ചോർന്നതാണ് വിമാന പ്രതിഷേധത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥൻ പ്രതി ചേർക്കപ്പെടുന്നതിലേക്ക് നയിച്ചത്. ജൂലൈ 17 ന് സ്‌ക്രീൻ ഷോട്ട് പുറത്തായി. ചാറ്റ് ചോർത്തിയവരാണെന്ന ആരോപണം നേരിട്ടപ്പോൾ യഥാർഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉപാധ്യക്ഷന്മാരായ എൻ.എസ് നുസൂറും എസ്.എ .എം ബാലുവും അടക്കം 12 പേർ ദേശീയ നേതൃത്വത്തിന് കത്തയച്ചു.

കത്ത് പുറത്തായതോടെ അച്ചടക്ക ലംഘനം ആരോപിച്ച് നുസൂറിനേയും ബാലുവിനേയും സസ്‌പെൻഡ് ചെയ്തു. വാട്ട്‌സാപ്പ് ചോർത്തിയെന്ന ആരോപണം ഇരുവരും അപ്പോഴും നിഷേധിച്ചു. എന്നിട്ടും സമഗ്ര അന്വേഷണത്തിലേക്ക് കടക്കാൻ നേത്യത്വം തയ്യാറായില്ല. 109 പേരുള്ള ഗ്രൂപ്പിൽ നിന്ന് ആര് ചോർത്തിയെന്ന് അറിയാൻ നേത്യത്വത്തിനും വലിയ താൽപര്യമില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ടവരാകട്ടെ തങ്ങൾ ബലിയാടാക്കപ്പെട്ടുവെന്ന നിലപാടിലാണ്. സംസ്ഥാന നേതൃത്വത്തിന് എതിരായ വിമർശനങ്ങൾ മറികടക്കാൻ മാത്രമാണ് സസ്‌പെൻഷൻ നടപടിയെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News