ലൈഫ് മിഷൻ കോഴ ഇടപാടിൽ വ്യക്തമായ പങ്ക്, സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്?: ഹൈക്കോടതി

കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Update: 2023-04-13 15:26 GMT
Advertising

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിൽ സ്വപ്ന സുരേഷിന് വ്യക്തമായ പങ്കുണ്ടെന്നും എന്ത്‌കൊണ്ടാണ് അവരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി. ശിവശങ്കറിന്റെ ജാമ്യം തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ. ഇത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് വ്യക്തമാക്കി. അതേസമയം, കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ.ഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കപ്പെടുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം. ശിവശങ്കറിന്റ ജാമ്യഹരജി ഹൈക്കോടതി തള്ളിയത്. മുഖ്യമന്ത്രിയും ശിവശങ്കറും തമ്മിലുള്ള ബന്ധവും ഭരണ കക്ഷിയിലുള്ള സ്വാധീനവും കോടതി പരാമർശിച്ചു. ഇത്തരം സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ തെളിവുകൾ നശിപ്പിക്കാൻ സാധ്യത കൂടുതലെന്നും കോടതി നിരീക്ഷിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയിൽ നിയമനം നൽകിയെന്നും സർക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇതിനു കാരണമെന്നും കോടതി പറഞ്ഞു.

കേസിൽ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നൽകിയിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ വാദങ്ങൾ ഇ.ഡി ഉയർത്തുകയും ചെയ്തിരുന്നു. സ്വപ്നസുരേഷിന്റെ വാട്‌സ് ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുൾപ്പടെ കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. തെളിവുകളുണ്ടായിട്ടും ശിവശങ്കർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നുമാണ് ഇ.ഡിയുടെ പക്ഷം. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാൻ ഇ.ഡിക്ക് അധികാരമുണ്ടെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷം ഹൈക്കോടതി ഹരജിയിൽ വാദം കേട്ടിരുന്നു. ഇതിൽ ശിവശങ്കറിനെതിരെ രണ്ട് കേസായി രജിസ്റ്റർ ചെയ്യുന്നതിന്റെ ആവശ്യകത കോടതി ചോദിച്ചിട്ടുണ്ട്. സ്വേർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ കേസുള്ളതും ലൈഫ്മിഷൻ കേസും കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെതിരായ സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ കോഴ ഇടപാട് കേസും വ്യത്യസ്തമാണെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നാമത്തേത് കള്ളക്കടത്തും, രണ്ടാമത്തേത് കൈക്കൂലി കേസുമാണ്. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചത് ഈ കേസിൽ പരിഗണിക്കേണ്ടതില്ല. ഇടപാടുകൾ രണ്ടിലും വ്യത്യസ്തമാണ്. സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചത് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തെന്നും ഇ.ഡി അറിയിച്ചു.


Full View

Clear role in Life Mission bribery deal, why delay in Swapna Suresh's arrest?: HC

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News